പത്തനംതിട്ട : തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടില്‍ ഉറച്ച് കുടുംബം. ഒരു ഫോണ്‍ വിളിക്ക് പിന്നാലെയാണ് ആത്മഹത്യ എന്നും ഇത് അന്വേഷിക്കണം എന്നും പിതാവ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് മേഘയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പത്തനംതിട്ട കലഞ്ഞൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട.അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകളാണ് മേഘ. 24 വയസായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
മേഘയും മലപ്പുറത്തുകാരനായ ഐബി ജീവനക്കാരനുമായി അടുപ്പമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്നും താമസ സ്ഥലമായ ഈഞ്ചയ്ക്കലിലേക്ക് പോകാന്‍ റെയില്‍വേ പാത വഴി പോകേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ തീരുമാനിച്ചുറപ്പിച്ചാണ് റെയില്‍വേ പാളത്തിലൂടെ മേഘ യാത്ര ചെയ്തതെന്ന് വ്യക്തം. ഫോണില്‍ സംസാരിച്ച് കൊണ്ട് ട്രാക്കിലേക്ക് ചാടുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. വിമാനത്താവളത്തില്‍ നിന്ന് താമസസ്ഥലത്തേക്കുള്ള വഴിയില്‍ റെയില്‍വേ ട്രാക്ക് ഇല്ല എന്ന് പിതാവ് പറഞ്ഞു. താമസസ്ഥലത്തേക്ക് എന്നുപറഞ്ഞ മേഘ വഴി മാറ്റിയത് ഒരു ഫോണ്‍ വിളിക്ക് പിന്നാലെയാണ്. ഇതിലാണ് ദുരൂഹത സംശയിക്കുന്നത്.23 ആം വയസ്സിലാണ് മേഘ ഐ ബി യില്‍ ജോലിക്ക് പ്രവേശിച്ചത്.
ഏറ്റവും പ്രായം കുറഞ്ഞ മേഘയോട് കരുതലോടെയാണ് സഹപ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നത് എന്നും അച്ഛന്‍ പറഞ്ഞു. അന്വേഷണ പുരോഗതിക്ക് അനുസരിച്ച് തുടര്‍നടപടികള്‍ എടുക്കും. മേഘയുടെ വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു. സംഭവദിവസം രാവിലെ ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയാണെന്നു പറഞ്ഞ് മകള്‍ വിളിച്ചിരുന്നതായി അച്ഛന്‍ മധുസൂദനന്‍ പറഞ്ഞു. ഓഫീസിനു സമീപം ചാക്കയിലെ ഹോസ്റ്റലിലാണ് അവള്‍ താമസിച്ചിരുന്നത്. അവിടേക്ക് റെയില്‍വേ പാതയില്ല. റെയില്‍വേ ട്രാക്ക് ഉള്ളിടത്തേക്ക് പോകണമെങ്കില്‍ എന്തോ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”ജോലിസ്ഥലത്ത് അവള്‍ക്ക് പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമുള്ളതായി വീട്ടില്‍ പറഞ്ഞിട്ടില്ല. സമ്മര്‍ദ്ദമുള്ളതായും പറഞ്ഞിട്ടില്ല. മരണത്തില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളോ വ്യക്തികളുടെ ഇടപെടലുകളോ ഉണ്ടായിട്ടുണ്ടോ എന്നത് അന്വേഷിച്ച് കണ്ടെത്തണം”- അദ്ദേഹം ആവശ്യപ്പെട്ടു.