കോഴിക്കോട് : വീട്ടിനുള്ളിൽ നിന്ന് ഡും ഡും ശബ്ദം കേട്ട് കഴിഞ്ഞ രണ്ടാഴ്ച മുന്നെയാണ് പറമ്പിൽ ബസാറിലെ ബിജു ആദ്യമായി ഉറക്കം ഞെട്ടിയത്. ശബ്ദം കേട്ട് പുറത്തിറങ്ങിയും വീടിന്റെ മുകളിലുമൊക്കെ കയറി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. താൽക്കാലിക സംഭവമെന്ന് കരുതിയെങ്കിലും പിറ്റെ ദിവസവും ആവർത്തിച്ചതോടെ അയൽക്കാരോട് സംഭവം പറഞ്ഞെങ്കിലും ആദ്യം കളിയാക്കി. പാത്രത്തിൽ വെള്ളം വെച്ചപ്പോൾ തുളുമ്പിപ്പോവുന്നു. ചുമരിൽ കൈവെച്ചാലും മുഴക്കം അനുഭവിക്കാം. ഭൂമി കുലുക്കമെന്നാണ് കരുതിയതെങ്കിലും എങ്ങനെ ബിജുവിന്റെ വീട്ടിൽ മാത്രമെന്ന് ആർക്കും അറിയില്ല. സംഭവം സീരിയസായതോടെ ഒടുവിൽ താൽക്കാലികമായി വീട് മാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഫയർഫോഴ്‌സും ജിയോളജി ഉദ്യോഗസ്ഥരും.
അഞ്ചുവർഷം മുന്നെയാണ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന പറമ്പിൽ ബസാറിലെ പോലൂരിലെ ബിജു ആറ്റു നോറ്റൊരു വീടുണ്ടാക്കിയത്. സമാധാന ജീവിതം നയിച്ചിരുന്ന ബിജുവിന്റെ വീട്ടിലേക്ക് അജ്ഞാത ശബ്ദം എത്തിയതോടെ ബിജു മാത്രമല്ല നാട്ടുകാരും ഭീതിയിലായിരിക്കുകയാണ്. നാട്ടുകാരുടേയടക്കം പരാതിയിൽ കഴിഞ്ഞ ദിവസം ഫയർഫോഴ്‌സും സംഘവും വീടിന്റെ അടിമുടി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തനായില്ല. ഒടുവിൽ ജിയോളജി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും കാര്യമില്ലാതായി. ശബ്ദം മാത്രം എങ്ങും പോയുമില്ല. ആദ്യമെല്ലാം രാത്രിയാണ് കേട്ടിരുന്നതെങ്കിലും പലപ്പോഴും പകലും കേൾക്കാൻ തുടങ്ങിയതോടെയാണ് വീട് മാറി താമസിക്കാൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. രാത്രി കാലങ്ങളിൽ മുഴക്കം നന്നായി കേൾക്കാൻ തുടങ്ങിയതോടെ ഉറക്കമില്ലാതാവുകയും ചെയ്തു.
മന്ത്രി എ.കെ ശശീന്ദ്രൻ ചൊവ്വാഴ്ച വീട് സന്ദർശിച്ച് ഉന്നതതല അന്വേഷണത്തിന് നിർദേശം നൽകി. ജില്ലാ കളക്ടറോട് സ്ഥലം സന്ദർശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെയാണ് മുകളിലേക്ക് ഒരു നില കൂടി പണിതത്. ഇതിനുശേഷമാണ് ശബ്ദം കേട്ട് തുടങ്ങിയതെന്നാണ് വീട്ടുകാർ പറയുന്നത്. താഴെ നിന്നാൽ ശബ്ദം വ്യക്തമായി കേൾക്കാം. ഇപ്പോൾ കൃത്യമായ സമയമൊന്നുമില്ല. പലപ്പോഴായി കേൾക്കുന്നു. മുകളിലത്തെ പറമ്പിൽ മണ്ണെടുക്കലിന്റെ പണി നടന്നിരുന്നു. ശബ്ദം ഇതിനെ തുടർന്നാണോ എന്ന് സംശയിച്ചിരുന്നെങ്കിലും ബിജുവിന്റെ വീട്ടിൽ മാത്രം എങ്ങനെ ശബ്ദം കേൾക്കുന്നുവെന്നാണ് ആർക്കും മനസ്സിലാവാത്തത്.
പ്ലസ് വൺ വിദ്യാർഥിയായ മകനും ഭാര്യയും അമ്മയുമാണ് ബിജുവിനൊപ്പം താമസിക്കുന്നത്. പ്ലസ് വൺ വിദ്യാർഥികൾക്ക് ഇപ്പോൾ പരീക്ഷയും തുടങ്ങിയിട്ടുണ്ട്. രാത്രികാലങ്ങളിൽ വീട് മാറി താമസിക്കാൻ നിർദേശിച്ചതോടെ ഈ പരീക്ഷാകാലത്തും ബന്ധുവിന്റെ വീട്ടിൽ പോയി താമസിക്കേണ്ട അവസ്ഥയിലായി ബിജുവും കുടുംബവും.