മുംബൈ: തന്‍റെ പിതാവും എൻ.സി.പി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകം രാഷ്ട്രീയവത്കരിക്കരുതെന്നും കുടുംബത്തിന് നീതി വേണമെന്നും മകനും കോൺഗ്രസ് എം.എൽ.എയുമായ സീഷൻ സിദ്ദിഖി. ഒക്‌ടോബർ 12-ന് മുംബൈയിലെ ബാന്ദ്ര മേഖലയിലെ നിർമൽ നഗറിൽ ബാബ സിദ്ദിഖിയെ മൂന്ന് പേർ വെടിവെച്ചുകൊന്നത്. “പാവപ്പെട്ട നിരപരാധികളുടെ ജീവനും വീടും സംരക്ഷിക്കാൻ എന്‍റെ പിതാവിന് ജീവൻ നഷ്ടപ്പെട്ടു. ഇന്ന് എന്‍റെ കുടുംബം തകർന്നിരിക്കുന്നു, പക്ഷേ അദ്ദേഹത്തിന്‍റെ മരണം രാഷ്ട്രീയവത്കരിക്കപ്പെടരുത്. എനിക്ക് നീതി വേണം, എന്‍റെ കുടുംബത്തിന് നീതി വേണം” -സീഷൻ സിദ്ദിഖി എക്സ് പോസ്റ്റിൽ പറഞ്ഞു.
വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സിദ്ദീഖിയെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വെടിയുണ്ട നെഞ്ചിലും രണ്ടു വെടിയുണ്ടകൾ വയറ്റിലുമാണ് തറച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. സിദ്ദിഖിയെ വധിക്കാനായി പ്രതികൾ വലിയ തോതിൽ വെടിയുണ്ടകൾ വാങ്ങിക്കൂട്ടി. യൂട്യൂബ് വീഡിയോകൾ വഴിയാണ് പ്രതികൾ തോക്ക് ഉപയോഗിക്കാൻ പഠിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാനുള്ള വഴികളും പ്രതികൾ ആസൂത്രണം ചെയ്തു. വധശ്രമത്തിനിടെ സിദ്ദിഖി രക്ഷപ്പെടാതിരിക്കാനുള്ള പഴുതടച്ച ആസൂത്രണമാണ് നടപ്പാക്കിയത്.