റാന്നി : പ്രസിദ്ധമായ ഇടപ്പാവൂർ പൂരത്തിന് നാടൊരുങ്ങി. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ ഒമ്പതാംദിവസമായ വ്യാഴാഴ്ചയാണ് പൂരമായി ആഘോഷിക്കുന്നത്. രാവിലെ 5.30-ന് അഷ്ടദ്രവ്യഗണപതിഹോമത്തോടെ പൂരം നാളിലെ പൂജകൾക്ക് തുടക്കമാവും. തന്ത്രി താഴമൺമഠം കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ നവകം, ശ്രീഭൂതബലി എന്നിവ നടക്കും. 7.30-ന് പഞ്ചാരിമേളം, ചെണ്ടമേളം, നാഗസ്വരം, വേലകളി, പമ്പമേളം, കരകം, തെയ്യം എന്നിവ ഉണ്ടായിരിക്കും. 8.30-ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് പകൽപ്പൂരം ഭദ്രദീപം തെളിയിക്കും.
9.30-നാണ് പൂരം നാളിലെ പ്രസിദ്ധമായ അൻപൊലി എഴുന്നള്ളത്ത്. തുടർന്ന് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ ആദ്യ അൻപൊലി സമർപ്പണം നടത്തും. 11-ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 5.30-ന് പേരൂർ ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. രാത്രിപ്പൂരത്തിന് തുടക്കംകുറിച്ച് ഏഴിന് പേരൂർ ക്ഷേത്രത്തിൽനിന്നും ഇടപ്പാവൂർ ക്ഷേത്രത്തിലേക്ക് എതിരേൽപ് നടക്കും. ഒമ്പതിനാണ് ദീപാരാധന. 10-ന് വിളക്കിനെഴുന്നള്ളത്ത്, 11-ന് റെയ്ബാൻ സൂപ്പർ ഹിറ്റ്‌സിന്റെ ഗാനമേള, പുലർച്ചെ മൂന്നിന് ആറാട്ട് എഴുന്നള്ളത്ത് എന്നിവ ഉണ്ടായിരിക്കും. ഉത്സവ സമാപനദിനമായ 11-ന് രാവിലെ എട്ടിന് ദേവീഭാഗവതപാരായണം, രാത്രി 7.30-ന് ഭജന, 9.30-ന് നായാട്ടുവിളി, 10-ന് വിളക്കിനെഴുന്നള്ളത്ത്, ശാസ്താംകളംപാട്ട് എന്നിവ ഉണ്ടായിരിക്കും.