കയ്പ്പ് കാരണം പലരും ഇഷ്‌ടപ്പെടാത്ത ഒരു പച്ചക്കറിയാണ് പാവൽ. ഔഷധഗുണങ്ങൾ ഉള്ളതിനാൽ മാത്രം പാവൽ ഭക്ഷിക്കുന്നവരുമുണ്ട്. പാവയ്ക്ക കൊണ്ട് തോരൻ, ജ്യൂസ് എന്നിവയെല്ലാം ഉണ്ടാക്കുന്നു. കേരളത്തിൽ കൃഷി ചെയ്യുന്ന വെള്ളരി വർഗവിളകളിൽ ഏറ്റവും ആദായകരമായ വിളകളിൽ ഒന്നാണ് പാവൽ. നന്നായി പടർന്ന് പന്തലിച്ച് വളരുന്ന വള്ളിച്ചെടിയാണ് പാവൽ.
നല്ല നീർവാർച്ചയുളളതും ധാരാളം സൂര്യപ്രകാശവുമുള്ള സ്ഥലത്താണ് കയ്പ്പക്ക നന്നായി വളരുന്നത്. ജനുവരി – മാർച്ച്, മേയ് – ജൂൺ കാലങ്ങളാണ് അനുയോജ്യമായ സമയം. ഒരു സെന്റിന് 24 ഗ്രാം വിത്താണ് കൃഷി ചെയ്യാനുള്ള രീതി. സെന്റിന് ഏകദേശം 20 തടങ്ങളേ പാടുള്ളു. ഓരോ തടത്തിനും രണ്ട് മീറ്റർ അകലം ആവശ്യമാണ്. ഓരോ തടത്തിനും രണ്ടടി വ്യാസവും ഒരടി ആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിന് ശേഷം അതിലേക്ക് ചപ്പിലകൾ വിതറാവുന്നതാണ്. ഒരു സെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ഉപയോഗിക്കാവുന്നതാണ്.
ഇത് മേൽമണ്ണുമായി കലർത്തി കുഴികളിലിട്ടതിന് ശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക് പൊടിച്ചത്, 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക. മഴക്കാലത്താണെങ്കിൽ കുഴികൾക്കുപകരം കൂനകളുണ്ടാക്കി അതിൽ വിത്ത് നടാവുന്നതാണ്. ഏകദേശം 7 മുതൽ 15 ദിവസം കൊണ്ട് വിത്ത് മുളയ്ക്കാൻ തുടങ്ങും. മുള വന്നാൽ ശരിക്കും നന കിട്ടിയാൽ ഒരാഴ്ചകൊണ്ട് ചെടിവളർന്നു പന്തലിൽ കയറും. ആ സമയത്ത് മേൽവളം പ്രയോഗിക്കണം. മേൽവളമായി ചാണകപ്പൊടിയോ കംപോസ്‌റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായി നനച്ചുകൊടുക്കണം. പിന്നീട് വള്ളി വീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ്. കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെ കൂടെ ഒഴിച്ചുകൊടുക്കാം. പ്രധാനവള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ നശിപ്പിച്ചുകളയണം. എന്നാൽ മാത്രമേ നിറച്ചും കായപിടുത്തമുണ്ടാവൂ.
കീടങ്ങളെ അകറ്റാൻ പ്രത്യേകിച്ചും വെള്ളീച്ചകളെയും മറ്റും പ്രതിരോധിക്കാൻ മഞ്ഞക്കെണി, പഴക്കെണി, തുളസിക്കെണി എന്നിവയും വേപ്പെണ്ണ – എമെൽഷൻ, വെളുത്തുള്ളി – ബാർസോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാവുന്നതാണ്. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം. എപ്പിലാക്സ് വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം. മൊസൈക്ക് രോഗമാണ് കയ്പയെ ബാധിക്കുന്ന പ്രധാനരോഗം. ഇത് പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ് ഫലം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം. രോഗം ബാധിച്ച ചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തേട്ടങ്ങളിൽ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ള ചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് പരിഹാരം.