ഓർക്കിഡുകൾ വളർത്താൻ ഏറ്റവും മികച്ച ഇടം തുറസ്സായ സ്ഥലങ്ങളാണ്. പക്ഷേ ഇവിടെ വേണ്ടത്ര അളവിൽ തണൽ വലകൾ (ഷെയ്ഡ് നെറ്റ്) വേണ്ടി വരുമെന്നു മാത്രം. പത്തുവർഷത്തിനു മേൽ പ്രായമായ തെങ്ങുകൾ വളരുന്ന തോട്ടങ്ങളുടെ തണലിലും ഓർക്കിഡ് വളർത്തിയെടുക്കാം. തണൽ അമിതമാകരുത്. അമിതമായ തണലിൽ വളരുന്ന ഓർക്കിഡുകൾ നന്നായി വളർന്നേക്കാം വളരെക്കുറച്ചു മാത്രമേ പുഷ്പിക്കാനിടയുള്ളു. ഓർക്കിഡുകളുടെ കാര്യത്തിൽ തണലും വെളിച്ചവും ക്രമീകരിക്കുന്നത് പ്രധാനമാണ്. ചിലയിനങ്ങൾ സൂര്യപ്രകാശത്തിൽ നന്നായി വളരും. ഓർക്കിഡുകളുടെ വളർച്ചക്ക് ആർദ്രതയും ഇളംചൂടുമുള്ള കാലാവസ്ഥയാണ് നല്ലത്. അന്തരീക്ഷ ആർദ്രത 50% മുതൽ 80 % വരെയുള്ള പ്രദേശങ്ങളിൽ ഓർക്കിഡ് മികച്ച രീതിയിൽ വളരും.ആവശ്യത്തിന് നനയും നീർവാർച്ചയും ഉറപ്പാക്കാൻ തൈകൾ ചട്ടികളിലോ വാരങ്ങളിലോ നടാം. മരങ്ങളുടെ തടിയിൽ കെട്ടിവച്ചും മരക്കഷണങ്ങൾ, ചകിരി എന്നിവയിൽ കെട്ടിത്തൂക്കിയിട്ടും ഓർക്കിഡുകൾ വളർത്താം. വേലിയിലും മരത്തിലും പടർത്തി വളർത്താനും സാധിക്കും.
ഇനി ഓർക്കിഡുകൾ തറയിൽ നടുന്ന വിധം നോക്കാം. മോണോ പോഡിയൽ വിഭാഗം ഓർക്കിഡുകളുടെ അഗ്രഭാഗത്തു നിന്ന് മുറിച്ചെടുക്കുന്ന കമ്പുകൾ നീളത്തിലൊരുക്കിയ തടങ്ങളിൽ നടാം. ചെടികൾ തമ്മിൽ 30 സെ.മീറ്ററും വരികൾ തമ്മിൽ 45 സെ.മീറ്ററും അകലം വേണം. പഴകിയ തൊണ്ടിൻ കഷണങ്ങൾ തടത്തിൽ അയഞ്ഞ മട്ടിൽ നിരത്തി അതിൽ തണ്ടിൻ കഷണങ്ങൾ നട്ടാലും മതി. ഇത്തരത്തിൽ ഒരു തടത്തിൽത്തന്നെ രണ്ടോ മൂന്നോ വരി ചെടികൾ നടാം. 50 % തണൽ വേണം തണ്ടുകൾക്ക് മുളപൊട്ടാൻ. ഏകദേശം മൂന്നു മീറ്റർ അകലത്തിൽ നാട്ടിയ മരത്തൂണുകളോ കോൺക്രീറ്റ് കാലുകളോ ചെടികൾ ചേർത്ത് കെട്ടാനും ഉപയോഗിക്കാം. സിംപോഡിയൽ ഓർക്കിഡുകൾ ശരാശരി 20 സെ.മീ അകലത്തിൽ രണ്ടു വരിയായി നടാം.