പന്തളം : അടൂർ നിയോജക മണ്ഡലത്തിൽ കർഷകർ നേരിടുന്ന പ്രയാസങ്ങളും വിഷമങ്ങളും എത്രയും വേഗം പരിഹരിക്കണമെന്ന് കർഷക കോൺഗ്രസ് അടൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൃഷിയിറക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ, കാർഷിക വിള നശിപ്പിക്കുന്ന കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ നിയന്ത്രിക്കൽ, സബ്സിഡി ഇനത്തിൽ ആവശ്യമായ വളം മുതലായവ കർഷകർക്ക് ആവശ്യമായ സമയങ്ങളിൽ ബന്ധപ്പെട്ടവർ നൽകാത്തതിന്റെ ഫലമാണ് കർഷകർ അനുഭവിക്കുന്ന പ്രധാന ബുദ്ധിമുട്ടുകൾ എന്ന് യോഗം വിലയിരുത്തി. പാടശേഖരങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ശക്തിയേറിയ പമ്പുകൾ നൽകാമെന്ന് മുൻകാലങ്ങളിൽ ബന്ധപ്പെട്ടവർ വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ അവയൊന്നും നടപ്പാക്കിയിട്ടില്ല.
ശക്തിയേറിയ പമ്പ് സെറ്റുകൾ, കൊയ്ത്ത്, മെതി യന്ത്രങ്ങൾ തുടങ്ങിയവ വലിയ തോതിലുള്ള വാടക നൽകുന്നതിനാൽ പാടശേഖരസമിതികളും വ്യക്തികളും നഷ്ടത്തിലാണ് കാർഷികവൃത്തി മുന്നോട്ടു നീക്കുന്നത്. ഈ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണുന്നതിനായി ആവശ്യമായ യന്ത്ര സാമഗ്രികൾ സർക്കാർതലത്തിൽ കുറഞ്ഞ വാടക നിരക്കിൽ ലഭ്യമാക്കണo. പാടശേഖരങ്ങളിൽ വെള്ളക്കെട്ട് മൂലം കാർഷികവൃത്തികൾ താമസിക്കുന്നതിനാൽ വിളവെടുപ്പ് സമയങ്ങളും നീണ്ടുപോവുകയും വൻ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുന്നതും പതിവാണ്. ഈ വിഷയങ്ങൾ ഉന്നയിച്ച് അടൂർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ബന്ധപ്പെട്ട ഓഫീസുകൾക്ക് മുൻപിൽ ധർണ്ണ, സത്യാഗ്രഹം, പ്രതിഷേധ സമരങ്ങൾ മുതലായ പരിപാടികളും കർഷക കോൺഗ്രസ് നിശ്ചയിച്ചിരിക്കുകയാണ് . കാർഷിക മേഖല അഭിവൃത്തിപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങളും കർഷകരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളുമായും കർഷക കോൺഗ്രസ് മുന്നോട്ടുപോകുമെന്നും വിലയിരുത്തി.
ഇതു സംബന്ധമായ പരാതികൾ പന്തളം നഗരസഭാ സെക്രട്ടറി, പന്തളം കൃഷി ഓഫീസർ എന്നിവർക്ക് സമർപ്പിക്കുകയും ചെയ്തു. നഗരസഭാ സെക്രട്ടറിയും കൃഷി ഓഫീസറും പരാതികൾ പരിഹരിക്കുന്നതിന് എല്ലാവിധ സാങ്കേതിക സഹായങ്ങളും വാഗ്ദാനം ചെയ്യുകയുണ്ടായി. കർഷക കോൺഗ്രസ് അടൂർ നിയോജക മണ്ഡലം പ്രസിഡൻറ് പി എസ് വേണു കുമാരൻ നായർ, അടൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഇ എസ് നുജുമുദീൻ, മണ്ണിൽ രാഘവൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, പന്തളം മണ്ഡലം പ്രസിഡന്റ് മുരളീധരൻ പിള്ള, ഷൂജ, ബൈജു മുകടിയിൽ തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.