കൊച്ചി : കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി. കൃഷിയിടത്തില്‍ പ്രവേശിക്കുന്ന പന്നികളെ കൊല്ലാനാണ് അനുമതി ലഭിച്ചത്. കോഴിക്കോട്ടെ കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പാസാക്കിയത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിലെ 11(1)(ബി) വകുപ്പ് പ്രകാരം കാട്ടുപന്നികളെ പിടികൂടി കൊല്ലാനുള്ള അനുമതിയാണ് ഹൈക്കോടതി നല്‍കിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.
കര്‍ഷകരെ പ്രതിനിധീകരിച്ച് അഭിഭാഷകരായ അലക്‌സ് എം. സ്‌കറിയ, അമല്‍ ദര്‍ശന്‍ എന്നിവര്‍ നല്‍കിയ റിട്ട് പെറ്റീഷന്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കാട്ടുപന്നികളുടെ ഉപദ്രവത്താല്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ വേണ്ട രീതിയില്‍ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചില്ലെന്ന് വിധി പ്രസ്താവനയ്ക്കിടയില്‍ ഹൈക്കോടതി നിരീക്ഷിച്ചു.
കാട്ടുപന്നികള്‍ മൂലമുള്ള കൃഷി നാശം വ്യാപകമായതോടെയാണ് പ്രതിവിധി തേടി കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചത്. കാട്ടുപന്നികളുടെ ആക്രമണങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. അതുകൊണ്ട് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി പരാതിപ്പെടുന്ന കര്‍ഷകര്‍ക്ക് കാട്ടുപന്നികളെ പിടികൂടുന്നതിനായി നിര്‍ദേശം നല്‍കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കികൊണ്ട് ഉത്തരവിടുകയാണ് – കോടതി പറഞ്ഞു.
വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ നിയമത്തിലെ വകുപ്പ് 62 പ്രകാരം കാട്ടുപന്നികളെ കര്‍ഷകരെ ഉപദ്രവകാരിയായ മൃഗങ്ങളില്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ആറോളം കര്‍ഷകര്‍ കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള മലയോര കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നതാണ് ഹൈക്കോടതി വിധി.