ന്യൂഡല്‍ഹി : കര്‍ഷകര്‍ക്കൊപ്പം രാജ്യത്തെ തൊഴിലാളികളും തെരുവിലേക്ക്. സംയുക്ത കിസാന്‍ മോര്‍ച്ചയും പത്ത് ട്രേഡ് യൂണിയനുകളും ഡല്‍ഹിയില്‍ ഇന്ന് യോഗം ചേര്‍ന്ന് ഭാരത് ബന്ദ് അടക്കം സമര പരിപാടികള്‍ ചര്‍ച്ച ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടക്കം കിസാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷക തൊഴിലാളി സംഘടനകള്‍ ഇന്ന് സംയുക്ത യോഗം ചേരുന്നത്. ഡല്‍ഹിയില്‍ വൈകിട്ട് അഞ്ചിനാണ് യോഗം. കോര്‍പറേറ്റുകളുടെ കടന്നുവരവ് തടയിടുന്നതിന്റെ ഭാഗമായി സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നത് ചര്‍ച്ച ചെയ്യും.
സംയുക്ത കിസാന്‍ മോര്‍ച്ച നാളെ കര്‍ഷക നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം മാര്‍ച്ച് അഞ്ച് വരെ പാല്‍ വില്‍പന നിര്‍ത്തിവയ്ക്കണമെന്നും, ലീറ്ററിന് നൂറ് രൂപ ഈടാക്കണമെന്നും കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍ പാല്‍ നിഷേധിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തിന്റെ ഭാരത പര്യടനം ഇന്ന് ആരംഭിക്കും. ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന കിസാന്‍ മഹാ പഞ്ചായത്തുകളില്‍ രാകേഷ് ടിക്കായത്ത് പങ്കെടുക്കും. അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം തൊണ്ണൂറ്റിയാറാം ദിവസത്തിലേക്ക് കടന്നു.