ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ വിളിച്ച മൂന്നാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കര്‍ഷക പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് സമരം. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടന നേതാക്കള്‍ ഇന്ന് യോഗം ചേരും. നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് കര്‍ഷകര്‍.
സമരത്തില്‍ പങ്കെടുക്കുന്ന കുട്ടികളെയും മുതിര്‍ന്ന പൗരന്മാരെയും സ്വന്തം വീടുകളിലേക്ക് തിരിച്ചയയ്ക്കണമെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധം തുടരുന്നത്.
പുതിയ കാര്‍ഷിക നിയമങ്ങളുടെ പ്രയോജനം സര്‍ക്കാരിനും കോര്‍പറേറ്റുകള്‍ക്കും മാത്രമാണെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. തുടര്‍ ചര്‍ച്ചകള്‍ക്കായി വിശദമായ നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കി കര്‍ഷകര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം സമരക്കാര്‍ കത്തിച്ചു. ഡല്‍ഹി അതിര്‍ത്തിയില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു. ഒരു വശത്ത് കേന്ദ്രത്തിന്റെ അനുനയ ചര്‍ച്ച നടക്കുമ്ബോള്‍ മറുവശത്ത് പക്ഷെ കര്‍ഷകരുടെ സമര വീര്യം വര്‍ധിക്കുകയാണ്.
പ്രതിഷേധക്കാര്‍ക്ക് പിന്തുണ അറിയിച്ച് സിംഘു അതിര്‍ത്തിയിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് കര്‍ഷകര്‍ ഒഴുകിയെത്തി. കേന്ദ്രത്തിന്റെ അനുനയ ചര്‍ച്ചകള്‍ക്കിടയിലും ഉറച്ച നിലപാട് കര്‍ഷകര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.