ന്യൂഡല്‍ഹി : സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുള്ള കര്‍ഷകരെ, കര്‍ഷക നേതാക്കള്‍ സന്ദര്‍ശിക്കും. സെപ്തംബര്‍ 5ന് മുസാഫര്‍ നഗറില്‍ കര്‍ഷക മഹാപഞ്ചായത്ത് ചേരും. ജന്ദര്‍ മന്തറില്‍ നടക്കുന്ന കര്‍ഷക സമരം 4-ാം ദിവസത്തിലേക്ക് കടന്നു. കാര്‍ഷിക നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.
ദില്ലി അതിര്‍ത്തികളിലെ കര്‍ഷകരുടെ സമരം തുടങ്ങി എട്ട് മാസം കഴിയുമ്പോള്‍ കര്‍ഷക സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. കര്‍ഷക സമരം കര്‍ഷകരുടെ അന്തസ്സിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നുവെന്നും, കര്‍ഷക സമരത്തിനപ്പുറത്തേക്ക് ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കാനും രാജ്യത്തെ രക്ഷിക്കാനുമുള്ള പോരാട്ടമായാണ് കര്‍ഷകര്‍, സമരത്തെ കാണുന്നതെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ജന്ദര്‍ മന്തറില്‍ നടന്ന കര്‍ഷക സമരം സ്ത്രീ കര്‍ഷകരുടെ നേതൃത്വത്തിലാണ് നടന്നത്. കര്‍ഷകരുടെ സാമാന്തര പാര്‍ലമെന്റില്‍ അവശ്യ വസ്തു ഭേദഗതി നിയമം ആണ് ചര്‍ച്ച ചെയ്തത്. ദൈനം ദിന ജീവിതത്തെ തന്നെ നിയമം അസാധ്യമാക്കി എന്ന് സമരത്തില്‍ പങ്കെടുത്ത അഖിലേന്ത്യാ മഹിളാ ഫെഡറേഷന് നേതാവ് ആനി രാജ പറഞ്ഞു.
സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി ഉള്‍പ്പടെയുള്ള അഞ്ച് നേതാക്കള്‍ക്ക് ഒപ്പം ഇരുന്നൂറ് വനിതാ കര്‍ഷകരാണ് കഴിഞ്ഞ ദിവസം ജന്തര്‍ മന്ദിറില്‍ എത്തിയത്. അതേ സമയം കര്‍ഷക സമരം ശക്തിപ്പെടുത്തുന്നതിനായി ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലേയും പ്രദേശങ്ങള്‍ കര്‍ഷക നേതാക്കള്‍ സന്ദര്‍ശിക്കുകയും പ്രാദേശിക കര്‍ഷകരുമായി സംവദിക്കുകയും ചെയ്യുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
സെപ്തംബര്‍ 5ന് മുസഫര്‍ നഗറില്‍ കര്‍ഷക മഹാപഞ്ചായത്ത് ചേരുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. പഞ്ചാബിലും ഹരിയനയിലും കര്‍ഷക സമരം ശക്തമായ രീതിയില്‍ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരെ ഒരുമിപ്പിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.