മുംബൈ : കര്‍ഷ പ്രക്ഷോഭത്തിന്‍റെ ഭാഗമായി മഹാരാഷ്ട്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുന്ന മാര്‍ച്ച്. നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് 180 കിലോമീറ്റര്‍ ദൂരമാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. സംസ്ഥാനത്തെ 21 ജില്ലകളില്‍നിന്നുമുള്ള കര്‍ഷകര്‍ നാസിക്കില്‍ സമ്മേളിക്കുകയും മുംബൈയിലേയ്ക്ക് മാര്‍ച്ച് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് കര്‍ഷകരുടെ റാലി. ആയിരക്കണക്കിന് കര്‍ഷകര്‍ കൊടികളും ബാനറുകളുമായി റോഡ് നിറഞ്ഞുകവിഞ്ഞ് മാര്‍ച്ച് ചെയ്തു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടു നഗരങ്ങള്‍ക്കുമിടയിലുള്ള 180 കിലോമീറ്റര്‍ ദൂരം വാഹനത്തിലും കാല്‍നടയായുമാണ് കര്‍ഷകര്‍ സഞ്ചരിക്കുന്നത്. ഞായറാഴ്ച വൈകിട്ടോടെ കര്‍ഷകര്‍ മുംബൈയില്‍ എത്തിച്ചേരും.
മുംബൈയില്‍ എത്തുന്ന കര്‍ഷകര്‍ തിങ്കളാഴ്ച ആസാദ് മൈദാനിയില്‍ സമ്മേളിക്കും. എന്‍സിപി നേതാവ് ശരദ് പവാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. തുടര്‍ന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന രാജ്ഭവനിലേക്ക് മാര്‍ച്ച് ചെയ്യും. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന വലിയ ട്രാക്ടര്‍ റാലിയുടെ മുന്നോടിയായാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ റാലി നടത്തുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബിലും റാലികളും മാര്‍ച്ചുകളും നടക്കുന്നുണ്ട്. ലുധിയാനയില്‍ ഞായറാഴ്ച നടന്ന ട്രാക്ടര്‍ റാലിയില്‍ നൂറുകണക്കിന് ട്രാക്ടറുകള്‍ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഇതിന്റെ ഭാഗമായി.