ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കര്‍ഷകരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകേണ്ടത്. സത്യത്തിന് വേണ്ടിയാണ് ഈ പോരാട്ടം. കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും ഇത് ഒരു തുടക്കമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിക്കുകയുണ്ടായി.
അതേസമയം പ്രതിഷേധിക്കുന്ന സമരക്കാര്‍ക്ക് ഡല്‍ഹിയില്‍ മാര്‍ച്ച് നടത്താന്‍ പോലീസ് അനുമതി നല്‍കിയിരിക്കുകയാണ്. രാജ്യതലസ്ഥാനത്തെ ബുരാരി ഏരിയയിലെ നിരാങ്കാരി സമാഗം ഗ്രൗണ്ടില്‍ സമരം നടത്താനാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അനുമതി നല്‍കിയിരിക്കുന്നത്. പ്രക്ഷോഭകര്‍ സംഘര്‍ഷം ഉണ്ടാക്കരുതെന്നും സമാധാനപരമായി സമരം നടത്തണമെന്നും കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.
കര്‍ഷക മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചതായി യോഗേന്ദ്രയാദവും അറിയിക്കുകയുണ്ടായി. കര്‍ഷകസമരം കണക്കിലെടുത്ത് സംസ്ഥാനത്തെ ഒന്‍പത് സ്‌റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കാന്‍ ഡല്‍ഹി പോലീസ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ ഈ അപേക്ഷ നിരസിക്കുകയുണ്ടായി. നേരത്തെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് ഡല്‍ഹി സര്‍ക്കാര്‍ സമരത്തിന് അനുമതി നിഷേധിച്ചിരുന്നു.