ഒരു കാലത്ത് ഹൈറേഞ്ച് മേഖലകളിലാണ് ശീതകാല വിളകൾ മികച്ച രീതിയിൽ കൃഷി ചെയ്തിരുന്നത്. എന്നാൽ ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും ശീതകാല വിളകൾ കൃഷി ചെയ്തു വരുന്നുണ്ട്. ഒക്ടോബർ പകുതി മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. മഴക്കാലത്തും സാമാന്യം ഭേദപ്പെട്ട രീതിയിൽ ഇവ വിളയിച്ചെടുക്കാം. അതിനായി ഒക്ടോബർ പകുതിയ്ക്ക് ഉള്ളിൽ തന്നെ കൃഷിയിടം നന്നായി ഉഴുത് പരുവപ്പെടുത്തുക. സൂര്യപ്രകാശം നല്ലപോലെ ലഭ്യമാകുന്ന സ്ഥലം വേണം തിരഞ്ഞെടുക്കാൻ. ഇവിടെ കുമ്മായം ഇട്ട് പാകപ്പെടുത്തണം. സെൻറ് ഒന്നിന് രണ്ടു മുതൽ മൂന്നു കിലോ വരെ കുമ്മായം ചേർക്കുന്നതാണ് അഭികാമ്യം. ശീതകാല വിളകളിൽ കേരളത്തിലെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ക്യാബേജും കോളിഫ്‌ളവറും ആണ്. ഇവയുടെ വിത്തുകൾ ഒക്ടോബർ ആദ്യവാരം നടാം. രോഗപ്രതിരോധശേഷിക്ക് വേണ്ടി സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ തളിച്ചുനൽകണം.
ചാക്കുകളിലും ഗ്രോബാഗുകളിൽ കൃഷി ചെയ്യുന്നവർ ഒക്ടോബർ മാസം അവസാനത്തോടെ നടീൽ മിശ്രിതം തയ്യാറാക്കി അല്പം കുമ്മായം ചേർത്ത് വെച്ചാൽ മതി. ഒരടി വീതിയിലും ഒരടി താഴ്ചയിൽ രണ്ടടി അകലത്തിലും ചാലുകീറി മുക്കാൽ ഭാഗത്തോളം മേൽമണ്ണും ജൈവവളവും ചേർത്ത് മിശ്രിതം നിറയ്ക്കണം. സെൻറ് ഒന്നിന് 100 കിലോഗ്രാം എന്ന തോതിൽ ജൈവവളം മണ്ണിൽ ചേർക്കുന്നത് ഉത്തമമാണ്. ഏകദേശം ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം. ക്യാബേജ് തൈകൾ ഒന്നരടി അകലത്തിലും കോളിഫ്‌ളവർ തൈകൾ രണ്ടടി അകലത്തിലും നടണം. തൈകൾ നട്ട് പത്ത് ദിവസം കഴിഞ്ഞ് ഒരാഴ്ച ഇടവേളയിൽ ദ്രാവകരൂപത്തിലുള്ള ജൈവവളങ്ങൾ ചേർത്ത് കൊടുക്കുന്നത് മികച്ച വിളവിന് സഹായിക്കു.
പിണ്ണാക്കും ജൈവ വളവും ചേർന്ന മിശ്രിതം മൂന്നാഴ്ച കഴിഞ്ഞ് തൈ ഒന്നിന് 50 ഗ്രാം വീതം ചേർത്ത് മണ്ണ് കൂട്ടി കൊടുക്കുക. ക്യാബേജ് കൃഷിയിൽ 10 ആഴ്ച കൊണ്ട് അതിൻറെ മുകൾ ഭാഗം വരും. കോളിഫ്‌ലവർ കൃഷിയിൽ അത് ഏകദേശം രണ്ട് മാസം എടുക്കും. കായ് വരുന്ന സമയത്ത് അതിന്റെ താഴ്ത്ത ഇലകൾ കൊണ്ട് പൊതിഞ്ഞു കെട്ടിയാൽ വെയിൽ കൊണ്ട് ഉണ്ടാകുന്ന നിറവ്യത്യാസം ഇല്ലാതാകും. ക്യാബേജ് കൃഷിയിൽ മികച്ച രീതിയിൽ വിളവ് തരുന്ന ഇനങ്ങൾ ഗ്രീൻ വയോജർ, ഗ്രീൻ ചാലഞ്ചർ, NS 43 തുടങ്ങിയവയും കോളിഫ്‌ലവർ കൃഷിയിൽ പൂസാമേഘ്‌ന, നന്ദ, NS 60 തുടങ്ങിയവയും ആണ്.