കാസര്‍കോട് : ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എയെ തള്ളി യുഡിഎഫ് നേതൃത്വവും. ജാഗ്രത കുറവ് ഉണ്ടായെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് ലീഗ് നേതൃത്വവും വ്യക്തമാക്കുമ്പോള്‍ ആറുമാസത്തിനകം പണം തിരിച്ച് നല്‍കുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ എംസി കമറുദ്ദീന്‍ തയാറായില്ല. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിന്റ പേരില്‍ പാര്‍ട്ടിക്കും, മുന്നണിക്കുമുണ്ടായ തിരിച്ചടി മറികടക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് കമറുദ്ദീന്റ കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും ആവശ്യമുന്നയിച്ചിരുന്നു. ഇതേ നിലപാടാണ് ഇപ്പോഴും നേതാക്കള്‍ക്കെന്നതാണ് പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് തങ്ങള്‍ ആരെയും സംരക്ഷിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ബിസിനസ് നടത്തുന്നതില്‍ കമറുദ്ദീന് ജാഗ്രത കുറവുണ്ടായി എന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും വ്യക്തമാക്കിയതോടെ കേസും തുടര്‍ നടപടികളും കമറുദ്ദീന്റെ മാത്രം ബാധ്യതയായി.
ആറുമാസത്തിനകം നിക്ഷേപകരുടെ പണം തിരിച്ച് നല്‍കുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ കമറുദ്ദീന്‍ തയാറായില്ല. ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ എം.സി കമറുദ്ദീനെതിരെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി 95 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ എംഎല്‍എക്കെതിരായ കുരുക്ക് മുറുകി എന്ന വിലയിരുത്തല്‍ മുസ്ലിം ലീഗിനും യുഡിഎഫ് നേതൃത്വത്തിനുമുണ്ട്. ഈ സാഹചര്യത്തിലാണ് രാജിക്കാര്യം ചര്‍ച്ചയാകുന്നത്.