കാസര്‍കോട് : സ്വര്‍ണക്കടത്ത് കേസ് മുതല്‍ വിവിധ ആരോപണങ്ങളുടെ പത്മവ്യൂഹത്തില്‍ നില്‍ക്കുന്ന സി.പി.എമ്മിന് വീണുകിട്ടിയ ആയുധമായിരിക്കുന്നു മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എല്‍.എ.യുമായ എം.സി. ഖമറുദ്ദീന്റെ അറസ്റ്റ്. സ്വര്‍ണാഭരണ വ്യാപാരത്തിന്റെ പേരില്‍ ഒട്ടേറെ പേരില്‍നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ച ഖമറുദ്ദീന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ കുടുങ്ങിയത് ഏറെയും മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നതാണ് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. എം.എല്‍.എ. ആയ ഖമറുദ്ദീന് എതിരായ നിയമനടപടികള്‍ മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം മഞ്ചേശ്വരത്തോ കാസര്‍കോട് ജില്ലയിലോ മാത്രം ഒതുങ്ങുന്ന പ്രതിസന്ധിയല്ല. മറിച്ച് സംസ്ഥാനത്താകെ യു.ഡി.എഫിന് ഉത്തരം പറയേണ്ട ബാധ്യതയായി ആ വിഷയം വളര്‍ന്നുകഴിഞ്ഞു. ഇതുതന്നെയാണ് സി.പി.എമ്മിന് കിട്ടിയ വലിയ പ്രചാരണായുധവും. പാലാരിവട്ടം പാലത്തിന്റെ പേരില്‍ വൈകാതെ മറ്റൊരു ലീഗ് നേതാവ് കൂടി പിടിയിലാവുമെന്ന് സി.പി.എം. അടക്കം പറയുന്നതും പുതിയൊരു ആയുധം പ്രതീക്ഷിച്ചുതന്നെ.
ഫാഷന്‍ ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ഖമറുദ്ദീനും സംഘവും സ്വീകരിച്ച നിക്ഷേപത്തെച്ചൊല്ലി ഏതാനും മാസങ്ങളായി സി.പി.എം. വ്യാപകമായ പ്രചാരണം നടത്തുന്നുണ്ട്. ആ പ്രചാരണത്തിന്റെയും പരാതിക്കാരുടെ വര്‍ധനയുടെയും പശ്ചാത്തലത്തിലാണ് പോലീസ് കേസുകളും നടപടികളും. രാഷ്ട്രീയപ്രേരിതമായ അറസ്റ്റാണെന്ന് ഖമറുദ്ദീനും നേതാക്കളും പറഞ്ഞാലും കേസിന്റെ ഗൗരവത്തെ അവര്‍ക്ക് പെട്ടെന്ന് മറികടക്കാനാവില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളകളില്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും ഈ തട്ടിപ്പിന്റെ നാള്‍വഴികള്‍ പ്രചരിപ്പിക്കാന്‍ ആയാസപ്പെടേണ്ടതില്ല. അറസ്റ്റും അനുബന്ധ നടപടികളും ഇനിയുള്ള ദിവസങ്ങളില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടും. ലൈഫ് മിഷനും എം. ശിവശങ്കറും ബിനീഷ് കോടിയേരിയും എല്ലാം വാര്‍ത്തകളില്‍ നിറയുമ്പോള്‍ അതിനുള്ള പ്രതിരോധവും മറുപടിയുമായി സി.പി.എം. ഖമറുദ്ദീന്‍ വിഷയം ഉയര്‍ത്തിക്കാട്ടും.
പി.ബി. അബ്ദുള്‍ റസാഖിന്റെ മരണശേഷമുള്ള ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ത്തന്നെ ഖമറുദ്ദീന്റെ പേരിനെച്ചൊല്ലി മുസ്ലിം ലീഗില്‍ കലാപക്കൊടി ഉയര്‍ന്നിരുന്നു.
ലീഗിലെ വലിയൊരു വിഭാഗം ഖമറുദ്ദീന്റെ പേരിന് എതിരായിരുന്നു. പാണക്കാട്ടുനിന്ന് ഖമറുദ്ദീന്റെ പേര് പ്രഖ്യാപിക്കപ്പെട്ടപ്പോഴും കലാപം അടങ്ങിയില്ല. പാണക്കാട്ടുനിന്നുള്ള ഒരു പേരിനെതിരേ ലീഗില്‍ കലാപക്കൊടി ഉയരുന്നത് കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം ആദ്യ സംഭവമായിരുന്നു.
ഒടുവില്‍ എതിര്‍പക്ഷം വഴങ്ങിയെങ്കിലും ഇക്കാര്യത്തില്‍ ലീഗ് സംസ്ഥാന നേതൃത്വത്തിന് എതിരേ വലിയ വിമര്‍ശനം ഉയര്‍ന്നു. സ്വര്‍ണ നിക്ഷേപം സംബന്ധിച്ച പരാതി ഉയര്‍ന്നപ്പോഴും ലീഗിലെ വലിയൊരു വിഭാഗം ഇക്കാര്യത്തില്‍ ഖമറുദ്ദീനും നേതൃത്വത്തിനും പിന്തുണയുമായി രംഗത്ത് എത്താത്തതും പഴയ നീറ്റല്‍ അവിടെ അവശേഷിക്കുന്നത് കൊണ്ടുതന്നെ. കോണ്‍ഗ്രസിലും ഈ വിഷയത്തില്‍ രണ്ട് അഭിപ്രായക്കാരുണ്ട്. കോടികളുടെ തട്ടിപ്പ് എന്ന ആരോപണം നേരിടുന്ന ലീഗ് എം.എല്‍.എ.ക്ക് വേണ്ടി ലീഗിന്റെയോ കോണ്‍ഗ്രസിന്റെയോ അണികളില്‍ ഒരു വിഭാഗം രംഗത്തിറങ്ങുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നില്ല.