നെടുമ്പാശേരി : കേസ് ഭയന്ന് ഗൾഫിലേക്ക് മുങ്ങിയ യുവാവ് തിരികെയെത്തിയപ്പോൾ പിടിയിലായി. പുലിവാലായത് പിതാവ് നൽകിയ മകനെ കാണാനില്ലെന്ന പരാതിയും. കോഴിക്കോട് പേരാമ്പ്ര സ്വദേശി അരുൺ അശോകൻ (27) ആണ് ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്.
അരുണിന്റെ പിതാവ് പേരാമ്പ്രയിൽ ഹോട്ടൽ നടത്തുകയായിരുന്നു. 2020 ഡിസംബറിൽ ഇവിടെയുണ്ടായ അടിപിടി കേസിൽ പ്രതിയാകാതിരിക്കാൻ അരുൺ ദുബായിലേക്ക് മുങ്ങുകയായിരുന്നു. വീട്ടിൽ അറിയിക്കാതെയാണ് അരുൺ പോയതെന്നു പറയുന്നു. അവിടെ ചെറിയ ജോലികളും മറ്റും ചെയ്തു വരികയായിരുന്നു. അരുണിനെ കാണാനില്ലെന്നു പിതാവ് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി സംബന്ധിച്ച അന്വേഷണത്തിൽ അരുൺ വിദേശത്തേക്ക് കടന്നതായി സംശയമുയർന്നതിനെത്തുടർന്ന് പോലീസ് വിമാനത്താവളങ്ങളിൽ തെരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ യുവാവ് മടങ്ങിയെത്തിയപ്പോൾ ഇമിഗ്രേഷൻ വിഭാഗം പിടികൂടി പോലീസിന് കൈമാറി.