പത്തനംതിട്ട: കൊറോണ വൈറസ് സംശയത്തില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍ മരിച്ചു. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി 10 ദിവസമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പത്തനംതിട്ട വല്ലന സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ അച്ഛനാണ് മരിച്ചത്. ഇന്ന് രാവിലെ കൊച്ചിയിലെ ആശുപത്രിയില്‍ പനിയും ദേഹാസ്വാസ്ഥ്യവും കൂടിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് .
ഇത് കൊറോണ വൈറസ് ശരീരത്തില്‍ കടന്നത് മൂലമാണോ എന്നു ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചിട്ടില്ല. എന്നാല്‍ നിരീക്ഷണത്തിലുള്ള മകളുമായി യാതൊരുവിധ സമ്പര്‍ക്കവും ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക വിലയിരുത്തല്‍. 10 ദിവസത്തിനു മുമ്പ് മകള്‍ പിതാവിനെ കണ്ടു സംസാരിച്ചിരുന്നതായി സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ട്.
അതേസമയം ശവസംസ്കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തും
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ള പത്തനംതിട്ടയില്‍ അതീവ ജാഗ്രത തുടരുകയാണ്. 29 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാണ്. പത്തനംതിട്ടയില്‍ 1250 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിതരുടെ എണ്ണം 21 ആയി. സംസ്ഥാന സര്‍ക്കാരും ജനങ്ങളും അതീവജാഗ്രതയില്‍ തുടരുകയാണ്