ചെന്നൈ: തമിഴ്നാട്ടിൽ വിവാഹാഭ്യർഥന നിരസിച്ച വനിത ഡോക്ടർക്കു നേരെ സഹപ്രവർത്തകന്റെ ആക്രമണം. മർദനത്തിൽ പരിക്കേറ്റ 25കാരിയെ ഹൊസൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ മുഖത്തും കഴുത്തിലും കൈകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അക്രമം നടത്തിയ ഡോ. അമ്പു സെൽവന് എതിരെ അന്വേഷണം തുടങ്ങി. നിരവധി തവണ ഇയാൾ വിവാഹാഭ്യർഥനയുമായി പിന്നാലെ വന്നിരുന്നതായി ഡോ. കൃതിക പറയുന്നു. ഓരോ തവണയും താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിയുമ്പോഴും അയാൾ പിന്നാലെ കൂടിക്കൊണ്ടിരുന്നു. എന്നാൽ ഒരിക്കലും അക്രമാസക്തനാകുമെന്ന് കരുതിയിരുന്നില്ലെന്നും ഡോക്ടർ പറയുന്നു.
ഒരിക്കൽ ഇങ്ങനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചപ്പോൾ താൽപര്യമില്ലെന്ന് തീർത്തുപറഞ്ഞതോടെ കുറച്ചുകാലം ശല്യമൊന്നുമുണ്ടായിരുന്നില്ലെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കുറി പട്ടാപ്പള്ളിയുടെ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം തന്നെ വിവാഹം കഴിക്കണമെന്ന് സെൽവൻ നിർബന്ധിച്ചു. നിരസിച്ചപ്പോഴാണ് സെൽവൻ ഉപദ്രവിക്കാൻ തുടങ്ങിയത്. തന്റെ വിവാഹാലോചന നിരസിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും സെൽവൻ ആവശ്യപ്പെട്ടു. സംഭവം നടക്കുമ്പോൾ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ സഹായവും സെൽവന് കിട്ടിയതായും കൃതിക പരാതിയിൽ ചൂണ്ടിക്കാട്ടി.