തിരുവനന്തപുരം: സോളാര്‍ കേസില്‍ ലൈംഗികാരോപണ പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ശരണ്യമനോജ് എഴുതിച്ചേര്‍ത്തതെന്ന് പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍. പരാതിക്കാരി നല്‍കി എന്നുപറയുന്നത് കത്തല്ല, പെറ്റീഷന്‍ ഡ്രാഫ്റ്റായിരുന്നു. 21പേജാണ് അതിനകത്ത് ഉണ്ടായിരുന്നതെന്ന് പത്തനംതിട്ട ജയിലില്‍ രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയെ പീഡിപ്പിച്ചവരുടെ പേരില്‍ ഗണേഷ് കുമാറിന്റെ പേര് ഉണ്ടായിരുന്നതായും ഫെനി ബാലകൃഷ്ണ്‍ പറഞ്ഞു.
പരാതിക്കാരിയുടെ നിര്‍ദേശപ്രകാരമാണ് കത്ത് ഗണേഷ്‌കുമാറിന്റെ പിഎ ആയ പ്രദീപിനെ ഏല്‍പ്പിച്ചത്. പ്രദീപും ശരണ്യ മനോജുമാണ് തന്നില്‍ നിന്നും പെറ്റീഷന്‍ ഡ്രാഫ്റ്റ് വാങ്ങിയത്. അതിനുശേഷം തന്നെ തിരിച്ചേല്‍പ്പിച്ച ഡ്രാഫ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേര് എഴുതി ചേര്‍ക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിയത് മോശമല്ലേ എന്ന് താന്‍ ചോദിച്ചപ്പോള്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ഭാഗമായി മുഖ്യനെ താഴെയിറക്കാലോ എന്നാണ് മനോജ് പറഞ്ഞത്. പേര് എഴുതിച്ചേര്‍ത്തത് ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും മനോജ് പറഞ്ഞതായി ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.