റാന്നി : റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൻ കാളദാസൻ ഭട്ടതിരിപ്പാട് കൊടിയേറ്റ് കർമം നിർവഹിച്ചു. മേൽശാന്തി ബിജു എസ്. നമ്പൂതിരി സപ്താഹയജ്ഞവേദിയിൽ ഭദ്രദീപപ്രതിഷ്ഠ നടത്തി. ഉത്സവ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് സുരേഷ് നിത്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ രാജു ഏബ്രഹാം, ഗ്രാമപ്പഞ്ചായത്തംഗം സന്ധ്യാദേവി, അഡ്വ. ഷൈൻ ജി. കുറുപ്പ്, സാംജി ഇടമുറി, അൻസാരി മന്ദിരം, വിജയകുമാരൻ, വിനീത് നാരായണൻ, ഹരികൃഷ്ണൻ, മനീഷ, റാണി സുന്ദർ, ദീപു കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
ഉത്സവദിവസങ്ങളിൽ രാവിലെ ഏഴിന് ഭാഗവതപാരായണം, 8.30-ന് കലശപൂജ, 10-ന് കലശാഭിഷേകം, സോപാന സംഗീതം, 12-നും വൈകിട്ട് അഞ്ചിനും ഭാഗവത പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, 15-ന് രാത്രി 7.30-ന് മ്യൂസിക്കൽ ഫ്യൂഷൻ, 16-ന് പകൽ 11-ന് ഉണ്ണിയൂട്ട്, 12.50-ന് കലാകാരൻ ഹരി ഉതിമൂടിനെ ആദരിക്കൽ, 17-ന് രാവിലെ 10.30-ന് മൃത്യുഞ്ജയഹോമം, 4.45-ന് വിദ്യാഗോപാലാർച്ചന, രാത്രി 7.30-ന് കൈകൊട്ടിക്കളി, എട്ടിന് സംഗീത സദസ്സ്, 18-ന് രാവിലെ 10.30-ന് രുക്മിണീ സ്വയംവരഘോഷയാത്ര, രാത്രി 7.30-ന് കൈകൊട്ടിക്കളി, എട്ടിന് നൃത്തനൃത്യങ്ങൾ, 19-ന് രാത്രി 7.05-ന് സോപാനസംഗീതം, 7.30-ന് തിരുവാതിര, 20-ന് രാവിലെ 11-ന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി 7.05-ന് കരോക്കെ ഗാനമേള, 8.45-ന് പള്ളിവേട്ട, 9.30-ന് എഴുന്നള്ളത്ത്, സമാപന ദിവസമായ 21-ന് രാവിലെ എട്ടിന് നാരായണീയം, വൈകിട്ട് 4.30-ന് ആറാട്ടുബലി, രാത്രി 7.30-ന് അന്നദാനം, 10.30-ന് ആറാട്ട്, എഴുന്നള്ളത്ത്, വെടിക്കെട്ട് എന്നിവ നടക്കും.