ശബരിമല : പൈങ്കുനി ഉത്ര ഉത്സവത്തിന് ശബരിമലയിൽ കൊടിയേറി. തന്ത്രി കണ്ഠര് രാജീവരര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി എന്നിവർ ചേർന്നാണ് കൊടിയേറ്റ് നിർവഹിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ.എ.അജികുമാർ, സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകുമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവർ സന്നിഹിതരായിരുന്നു. കൊടിയേറ്റിന് ശേഷം നെയ്യഭിഷേകം, കലശാഭിഷേകം, ഉച്ചപൂജ, മുളയിടീൽ, ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ, ശ്രീഭൂതബലി എന്നിവ നടന്നു. 10നാണ് പള്ളിവേട്ട.
11ന് രാവിലെ 7.30ന് ഉഷഃപൂജയ്ക്കും ആറാട്ടുബലിക്കും ശേഷം 9ന് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര പുറപ്പെടും. 11ന് പമ്പയിൽ ആറാട്ടിനുശേഷം പമ്പാഗണപതി കോവിലിലേക്ക് എഴുന്നെള്ളത്ത്. ഭക്തർക്ക് തിരുമുമ്പിൽ പറവഴിപാട് സമർപ്പിക്കാൻ അവസരമുണ്ട്. വൈകിട്ട് 3ന് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും. ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറക്ക്,ആറാട്ട് കലശം,ദീപാരാധന എന്നിവ നടക്കും. മേടവിഷു ഉത്സവം 10ന് ആരംഭിക്കും. 14നാണ് വിഷു. മേടമാസ പൂജകൾ പൂർത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കും.