കോന്നി : കോന്നി എക്‌സൈസ് റേഞ്ചിന് കീഴിൽ 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസങ്ങൾക്കിടയിൽ കോന്നിയിൽ രജിസ്റ്റർ ചെയ്തത് പതിനഞ്ച് കഞ്ചാവ് കേസുകൾ. ഒരു കിലോയിൽ താഴെ മാത്രമുള്ള കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. കോന്നി നഗരത്തിൽ നിന്നും പിടികൂടിയിട്ടുള്ള കേസുകൾ ആണ് ഇതിൽ പകുതിയും. അടൂർ ഭാഗങ്ങളിൽ നിന്നുമാണ് കോന്നിയിൽ ഏറ്റവും കൂടുതൽ കഞ്ചാവ് എത്തുന്നത് എന്നാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തൽ. വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് കൂടുതലും ലഹരി വില്പന സജീവമാകുന്നത്. കോന്നിയിലെ നിർദിഷ്ട കെ എസ് ആർ റ്റി സി ഡിപ്പോയുടെ സമീപത്ത് നിന്നും മുൻപ് കഞ്ചാവ് പിടികൂടിയിരുന്നു. ചെറിയ അളവിളുള്ള കഞ്ചാവ് പൊതികൾ ആണ് കൂടുതലും പിടിച്ചെടുക്കുന്നത് എന്നതിനാൽ തന്നെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുവാനും എക്‌സൈസ് വകുപ്പിനെ നിയമം അനുവദിക്കുന്നില്ല.
ഒരു കിലോയോ അതിൽ കൂടുതലോ കഞ്ചാവ് പിടിച്ചെടുത്തെങ്കിൽ മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കുവാൻ കഴിയൂ. തമിഴ്നാട്ടിൽ നിന്ന് അടക്കം എത്തിക്കുന്ന കഞ്ചാവ് വൻ തുകക്കാണ് വിറ്റഴിക്കപ്പെടുന്നത്. കുറഞ്ഞ മുതൽ മുടക്കിൽ പണമുണ്ടാകാൻ ഉള്ള മാർഗമായും കഞ്ചാവ് വില്പന ഉപയോഗപ്പെടുത്തുന്നു. ലഹരിയുടെ പല ഉത്പന്നങ്ങളായും കഞ്ചാവ് വിദ്യാർഥികളിലടക്കം എത്തുന്നുവെന്നാണ് അറിയുന്നത്. ആളൊഴിഞ്ഞ സ്ഥലങ്ങൾ, കെട്ടിടങ്ങൾ, പ്രാന്ത പ്രദേശങ്ങൾ എന്നിവടങ്ങളിലാണ് കഞ്ചാവ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നും പറയുന്നു. ഗ്രാമീണ മേഖലകളിൽ പോലും കഞ്ചാവ് സുലഭമായി ലഭിക്കുന്നു എന്നാണ് അറിയുന്നത്. ലഹരി ഉപയോഗം കുറക്കുവാൻ വിവിധ വകുപ്പുകൾ പ്രവർത്തനം നടത്തുമ്പോഴും കഞ്ചാവ് അടക്കമുള്ള ലഹരിയുടെ വില്പന അനുദിനം വർധിക്കുന്നു. കോന്നിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇടയിലും കഞ്ചാവ് വില്പന വർധിക്കുന്നുണ്ട് എന്നാണ് നിഗമനം. കോന്നിയിലെ പല അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും ആവശ്യമായ പരിശോധനകൾ ഇനിയും കാര്യക്ഷമമായി നടത്തുവാൻ ബന്ധപെട്ടവർക്ക് കഴിയുന്നില്ല എന്നും ആക്ഷേപമുണ്ട്.