ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ മത്സരിക്കുന്ന 695 സ്ഥാനാർഥികളിൽ 23 ശതമാനം പേരും ക്രിമിനൽ കേസുകൾ നേരിടുന്നവരെന്ന് റിപ്പോർട്ട്. 33 ശതമാനം സ്ഥാനാർഥികളും ഒരു കോടിയിലധികം ആസ്തി ഉള്ളവരെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം റിപ്പോർട്ടിൽ പറയുന്നു. 695 സ്ഥാനാർഥികളിൽ 159 പേർക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ടിൽ പറയുന്നു. അതിൽ 122 പേർക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്നതും ജാമ്യം ലഭിക്കാത്തതുമായ കേസുകളാണ് ഇവർക്കെതിരെ ഉള്ളത്. ആക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ബിജെപിയുടെ 19 സ്ഥാനാർഥികളും കോൺഗ്രസിൻ്റെ എട്ട് പേരും തൃണമൂൽ കോൺഗ്രസിൻ്റെ മൂന്ന് പേരും ക്രിമിനൽ കേസുകളുള്ളവരാണ്. ബിഎസ്പിയുടെ അഞ്ച് സ്ഥാനാർഥികളും ഏക്‌നാഥ് ഷിൻഡെ ശിവസേനയുടെ മൂന്നും ഓൾ ഇന്ത്യ മജ്‌ലിസ് പാർട്ടിയുടെ രണ്ട് പേരും ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.