തുമ്പമൺ : വടക്കുംനാഥൻ ക്ഷേത്രത്തിൽ 11 മുതൽ 18 വരെ നടക്കുന്ന സ്‌കാന്ദപുരാണ മഹാസത്രത്തിന്റെ ഭാഗമായി കലവറ നിറയ്ക്കലും ഭണ്ഡാരം നിറയ്ക്കലും കുങ്കുമഘോഷയാത്രയും ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് തുമ്പമൺ തെറ്റിക്കൽ കാവ് ദുർഗാദേവീക്ഷേത്രത്തിൽനിന്ന് നടുവിലേമുറി കരക്കാരുടെ സഹകരണത്തോടെ സത്രവേദിയിലേക്കാവശ്യമായ കുങ്കുമം വാദ്യഘോഷങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടുകൂടി വടക്കുംനാഥന്റെ സന്നിധിയിലേക്ക് എത്തിക്കും. മേയ് 11-ന് സത്രപുരിയിലേക്കുള്ള വിഗ്രഹഘോക്ഷയാത്ര ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽനിന്ന് കൊടിക്കൂറ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽനിന്ന് കൊടിമരം കൊടുന്തറ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട് കുളനട ദേവീക്ഷേത്രത്തിലെത്തും.
നാലിന് ഘോഷയാത്രയ്ക്ക് ക്ഷേത്രത്തിൽ സ്വീകരണം നൽകും. ഇതിനുശേഷം വടക്കുംനാഥൻ ക്ഷേത്രത്തിലേക്ക് പുറപ്പെടും. അഞ്ചിന് സത്രത്തിൽ കൊടിയേറ്റും. ഞെരളത്ത് ഹരിഗോവിന്ദന്റെ ഹരിഗോവിന്ദഗീതം, തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, സംഗീത സ്‌കന്ദാമൃതം, നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, മഹാഗണപതി ഹോമം, പഞ്ചാരിമേളം, സ്‌കന്ദഹോമം എന്നിവയാണ് പരിപാടികൾ.