ചെങ്ങന്നൂർ : ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിന് അന്തിമ അംഗീകാരമായി. രൂപരേഖയും പരിഷ്കരിച്ചു. 98.46 കോടി രൂപയുടെ പദ്ധതിക്കാണ് റെയിൽവേയുടെ അംഗീകാരമായത്. ആദ്യം തയ്യാറാക്കിയ രൂപരേഖ 190 കോടി രൂപയുടെതായിരുന്നു. ഇതിൽ അഞ്ചുനില കെട്ടിടങ്ങളാണ് വിഭാവനം ചെയ്തത്. കേരളീയ വാസ്തുശില്പ മാതൃകയിലാണ് നിർമാണം. തുക വെട്ടിക്കുറച്ചതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പുതിയ രൂപരേഖയിൽ പുതിയ ടെർമിനൽ ബിൽഡിങ്, തീർഥാടകകേന്ദ്രം എന്നിവ മൂന്നു നിലകളോടു കൂടിയായിരിക്കും പണിയുക. കൂടാതെ ആറുമീറ്റർ വീതിയുള്ള ഫുട്ട് ഓവർ ബ്രിഡ്ജ്, പ്ലാറ്റുഫോമുകളെ ബന്ധിപ്പിച്ച് 12 മീറ്റർ വീതിയിൽ എയർ കോൺകോഴ്‌സ് എന്നിവയുണ്ടാകും.
റെയിൽവേ സ്റ്റേഷനിൽനിന്ന് നഗരസഭാ ബസ് സ്റ്റാൻഡിലേക്കുള്ള ആകാശപാത ഉൾപ്പെടെയുള്ള പദ്ധതികൾ ഒഴിവാക്കി. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക ഡ്രൈവ്‌വേ, തീർഥാടനകാലത്ത് ബസുകൾക്ക് പ്രത്യേക പ്രവേശനമാർഗം എന്നിവയുണ്ടാകും. പുറപ്പെടുന്നവരുടെയും എത്തുന്നവരുടെയും യാത്രാദിശകൾ വ്യക്തമാക്കുന്ന സംവിധാനങ്ങൾ, ഒന്ന്, രണ്ട്, മൂന്നു പ്ലാറ്റ്‌ഫോമുകളുടെനവീകരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. നാലുനിലയുള്ള 12 യൂണിറ്റ് റെയിൽവേ ക്വാർട്ടേഴ്‌സ് പണിയും. നിലവിലുള്ള രണ്ട് ലിഫ്റ്റുകളുടെ സ്ഥാനത്ത് ഒൻപതു ലിഫ്റ്റുകളാകും. രണ്ട് എസ്കലേറ്ററുകളുടെ സ്ഥാനത്ത് ആറെണ്ണമുണ്ടാകും.