തിരുവനന്തപുരം : എയർ ഇന്ത്യ ഡീൽ കേന്ദ്രസർക്കാരിന് കനത്ത് നഷ്ടമാണെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. അഭിമുഖ പരിപാടിയിലെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ എയർ ഇന്ത്യ ഇത്രയും നഷ്ടം വരുത്തുമ്പോൾ ഇങ്ങിനെയായാൽ എങ്ങിനെയെന്ന് ജനം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘എയർ ഇന്ത്യയെ കുറിച്ച് പറയുമ്പോൾ കേരളത്തിന്റെ സ്വന്തമായിരുന്ന തിരുവനന്തപുരം എയർപോർട്ട് കൈമാറിയതിനെ കുറിച്ചും പറയണം. കൊവിഡ് പാക്കേജിന്റെ ഭാഗമായാണ് വലിയ തോതിൽ എയർപോർട്ടുകളെയും ഡിഫൻസ് മേഖലയിലെ വരെ ആസ്തികളുടെയും വിൽപ്പന നടന്നത്. തിരുവനന്തപുരം എയർപോർട്ടിൽ കേരളം കൊടുത്ത ഭൂമിയും നിക്ഷേപവുമെല്ലാമുണ്ട്. കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് കേസ് നിൽക്കുമ്പോൾ തന്നെ വിമാനത്താവളം കേന്ദ്രം അദാനി ഗ്രൂപ്പിന് കൈമാറുകയാണ് ഉണ്ടായത്,’- അദ്ദേഹം പറഞ്ഞു.
‘എയർ ഇന്ത്യ നഷ്ടം ഉണ്ടാക്കുന്ന കമ്പനിയാണ്. സർക്കാരിന് ചെറിയ തോതിലുള്ള പിന്തുണയേ കൊടുക്കാനാവൂ. 2500 കോടി മാത്രമാണ് എയർ ഇന്ത്യ വിറ്റതിലൂടെ കേന്ദ്ര സർക്കാരിന് കിട്ടിയത്. അന്താരാഷ്ട്ര മാർക്കറ്റിലെ എയർ ഇന്ത്യയുടെ മൂല്യത്തിനനുസരിച്ച് പണം കിട്ടിയിട്ടില്ല. വിദേശ വിമാനത്താവളങ്ങളിൽ, ലോകത്തിലെ ഏറ്റവും തിരക്കേറിയ ഹീത്രൂ എയർപോർട്ടിലടക്കം എയർ ഇന്ത്യക്ക് ലാന്റിങ് റൈറ്റ്സും മെയിന്റനൻസിന് സ്ഥലവുമൊക്കെയുണ്ട്. അങ്ങിനെ മൊത്തത്തിലുള്ള എയർ ഇന്ത്യയുടെ മൂല്യമുണ്ട്. വാങ്ങിയ ആളെ സംബന്ധിച്ച് ഇത് ലാഭമാണ്,’ – മന്ത്രി വിശദീകരിച്ചു.
‘കേന്ദ്രസർക്കാരിനെ സംബന്ധിച്ച് ഈ ഡീൽ ലാഭകരമാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ ഇത്രയും നഷ്ടം വരുത്തുമ്പോൾ ഇങ്ങിനെയായാൽ എങ്ങിനെയെന്ന് ജനം ചോദിക്കും. അവിടെയൊരു പ്രശ്നമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ നന്നാക്കിയെടുക്കേണ്ടതുണ്ട്. എന്നാൽ സ്ഥാപനങ്ങളുടെ ഇന്നത്തെ നിലയിലെത്തുന്നതിൽ സർക്കാർ നയങ്ങൾക്കും പങ്കുണ്ട്. ബിഎസ്എൻഎൽ 1990കളിൽ 12000 കോടി ലാഭമുണ്ടാക്കിയ കമ്പനിയാണ്. ആ കമ്പനികൾ ഇന്നത്തെ നിലയിൽ നഷ്ടം നേരിട്ടത് കേന്ദ്രസർക്കാരുകളുടെ തന്നെ നിലപാട് കാരണമാണ്,’ – എന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ വിമർശിച്ചു.