കൊച്ചി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തെ ലോകത്തിലെ തൊഴിലവസരങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തില്‍ കളമശ്ശേരി മണ്ഡലത്തിലെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച പബ്ലിക് സ്‌ക്വയര്‍ – പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി പതിനായിര കണക്കിന് തൊഴിലവസരങ്ങള്‍ ആണ് സൃഷ്ടിക്കപ്പെടുന്നത്. ഇത്തരം അദാലത്തുകളിലൂടെ ജനങ്ങളുടെ നിരവധി ജീവത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആകുന്നുണ്ട് . സംസ്ഥാന തലത്തില്‍ നടത്തിയ രണ്ട് അദാലത്തുകളിലായി പതിനായിരത്തില്‍ കൂടുതല്‍ പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയല്ല സാമ്പത്തിക ബുദ്ധിമുട്ടാണ് നാം നേരിടുന്നതെന്നും നമ്മുടെ നികുതി വരുമാനവും നികുതി ഇതര വരുമാനവും വളരെ നല്ല രീതിയില്‍ വര്‍ദ്ധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. കളമശ്ശേരിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിനാകെ മാതൃകയാണെന്നും മണ്ഡലത്തില്‍ നടന്നു വരുന്ന എല്ലാ വികസന പ്രവര്‍ത്തങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ അദാലത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണകളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം പബ്ലിക് സ്‌ക്വയറില്‍ എല്ലാ വകുപ്പുകളുടെയും പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയായ ശുചിത്വത്തിന് ഒപ്പം കളമശ്ശേരി പദ്ധതിയിലൂടെ മാലിന്യം കൂമ്പാരങ്ങളിയിരുന്ന സ്ഥലങ്ങള്‍ പൊതു ഇടങ്ങളായി വികസിപ്പിച്ചു. സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പതിനായിര കണക്കിന് തൊഴിലവസരങ്ങള്‍ ആണ് സൃഷ്ടിക്കപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി. കളമശ്ശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, ഏലൂര്‍ നഗരസഭ അധ്യക്ഷന്‍ എ.ഡി. സുജില്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം. മനാഫ്, സബിത നാസര്‍, സുരേഷ് മുട്ടത്തില്‍, കളമശ്ശേരി നഗരസഭ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക നേതാക്കളും, വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.