മുംബൈ : ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ അഞ്ചാം തോൽവിക്ക് പിന്നാലെ രോഹിതിന് 24 ലക്ഷം രൂപ പിഴ ലഭിച്ചു. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ ഓവർ നിരക്ക് കുറഞ്ഞതാണ് രോഹിതിനു തിരിച്ചടി ആയത്. ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് ഓവർ നിരക്ക് കുറഞ്ഞതിൽ രോഹിതിനു പിഴ ലഭിക്കുന്നത്. ആദ്യ തവണ 12 ലക്ഷം രൂപയും രണ്ടാം തവണ 24 ലക്ഷം രൂപയുമാണ് ഓവർ നിരക്ക് കുറഞ്ഞാൽ ക്യാപ്റ്റൻ പിഴയൊടുക്കേണ്ടത്. മൂന്നാം തവണ ഇങ്ങനെയുണ്ടായാൽ 30 ലക്ഷം രൂപ രോഹിതിനു പിഴയൊടുക്കേണ്ടിവരും. രോഹിതിനൊപ്പം ടീം അംഗങ്ങളും പിഴയൊടുക്കണം. 6 ലക്ഷം രൂപയോ മാച്ച് ഫീസിന്റെ 25 ശതമാനം തുകയോ- ഏതാണ് കുറവെന്നാൽ – അത് മറ്റ് താരങ്ങൾ പിഴയൊടുക്കണം.
ഇന്നലെ പഞ്ചാബ് കിംഗ്സിനെ നേരിട്ട മുംബൈ 12 റൺസിന്റെ പരാജയമാണ് വഴങ്ങിയത്. 1999 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ടുവച്ച പഞ്ചാബിനു മറുപടിയുമായി ഇറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസ് നേടാനേ സാധിച്ചുള്ളൂ. 49 റൺസെടുത്ത യുവതാരം ഡെവാൾഡ് ബ്രെവിസ് ടോപ്പ് സ്കോറർ ആയപ്പോൾ സൂര്യകുമാർ യാദവും (43) തിലക് വർമ്മയും (36) മുംബൈക്ക് വേണ്ടി തിളങ്ങി. പഞ്ചാബിനായി ഒഡീൻ സ്മിത്ത് 4 വിക്കറ്റ് വീഴ്ത്തി.