ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ശ്രീകോവിലിനടുത്തുള്ള പ്രധാന ഭണ്ഡാരത്തില്‍ തീ പടര്‍ന്ന് നോട്ടുകള്‍ കത്തിയ സംഭവത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെത്തി. കടുത്ത സുരക്ഷാവീഴ്ചയാണെന്നാണ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. നാലമ്പലത്തിനകത്ത് സുരക്ഷാവീഴ്ച സംഭവിച്ചതായി ദേവസ്വം അധികൃതരും സമ്മതിക്കുന്നുണ്ട്. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ടെമ്പിള്‍ പോലീസിന് പരാതി നല്‍കി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഭണ്ഡാരത്തിലെ മുഴുവന്‍ പണവും പുറത്തെടുത്ത് സുരക്ഷാമുറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതില്‍ 20,000 രൂപ ഭാഗികമായി കത്തിയതായി തിട്ടപ്പെടുത്തി. ബാക്കി പണം കണക്കാക്കി വരുകയാണ്. തീ കെടുത്താനായി ഭണ്ഡാരത്തിനകത്തേക്ക് വെള്ളം ഒഴിച്ചതിനാല്‍ തുക മുഴുവന്‍ നനഞ്ഞു. നനഞ്ഞതും ഭാഗികമായി കത്തിയതും മുക്കാല്‍ ഭാഗത്തോളം കത്തിനശിച്ചതുമായ നോട്ടുകള്‍ ഇനം തിരിച്ചുവെച്ചാണ് എണ്ണിയത്. അവിടെ പോലീസിനെയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും കാവല്‍ നിര്‍ത്തിയിരിക്കുകയാണ്. ഭണ്ഡാരത്തില്‍ മൊത്തം എത്ര പണം ഉണ്ടായിരുന്നെന്നും കത്തിനശിച്ചത് എത്രയാണെന്നും സംബന്ധിച്ച വിവരങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞാലേ കൃത്യമായി അറിയാനാകൂവെന്ന് ദേവസ്വം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അറിയിച്ചു.
ഇന്ത്യന്‍ ബാങ്കുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ തുക എണ്ണിത്തുടങ്ങി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടയടച്ച നേരത്തായിരുന്നു ശ്രീകോവിലിനു തെക്കുഭാഗത്തെ വലിയ ഭണ്ഡാരത്തില്‍ തീപിടുത്തമുണ്ടായത്. മഴവെള്ളം വീഴാതിരിക്കാന്‍ മുകളില്‍ ഷീറ്റുകള്‍ വെല്‍ഡ് ചെയ്ത് ഘടിപ്പിക്കുന്നതിനിടയില്‍ തീപ്പൊരി ഭണ്ഡാരത്തിനകത്തേക്ക് വീഴുകയായിരുന്നു. ക്ഷേത്രത്തിനകത്തെ പ്രധാന ഭണ്ഡാരമാണിത്. ഓരോ മാസവും ഭണ്ഡാരമെണ്ണല്‍ നടക്കുമ്പോള്‍ ആദ്യം പൊളിക്കുന്നതും ഇതാണ്. ഇത്രയും പ്രാധാന്യമേറിയ സ്ഥലത്ത് വെല്‍ഡിങ് പണികള്‍ നടക്കുമ്പോള്‍ തീപ്പൊരി വീഴുമെന്നുള്ള കാര്യം ഉത്തരവാദപ്പെട്ടവര്‍ മുന്‍കൂട്ടി മനസ്സിലാക്കിയില്ലെന്നും അക്കാര്യത്തില്‍ ജാഗ്രതയുണ്ടായില്ലെന്നും ഭക്തജനസംഘടനകള്‍ ആക്ഷേപമുയര്‍ത്തി.