തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തം കേസ് അട്ടിമറിക്കാനും തെളിവുനശിപ്പിക്കാനും നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന ഉറച്ച നിലപാടിൽ പ്രതിപക്ഷം. തീപിടിത്തം എന്‍ഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ പ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്നും സെക്രട്ടേറിയറ്റ് കലാപഭൂമിയാക്കി മാറ്റാനാണ് പ്രതിപക്ഷ ശ്രമമെന്നും മന്ത്രി ഇ.പി.ജയരാജന്‍ ആരോപിച്ചു.
ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് പ്രോട്ടോക്കോൾ വിഭാഗത്തില്‍ തീപിടിച്ചത്. വിമാനത്താവളത്തില്‍ വരുന്ന നയതന്ത്രബാഗേജുകള്‍ക്ക് അനുമതി നല്‍കിയതും മന്ത്രിമാരുടെ യാത്രാരേഖകളും അടക്കമുള്ള സുപ്രധാന രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ഓഫിസാണിത്. ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു. ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധവുമായെത്തിയ രാഷ്ട്രീയപ്രവര്‍ത്തകരെയും സെക്രട്ടേറിയറ്റില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി.
സ്ഥലത്തെത്തിയ നേതാവ് രമേശ് ചെന്നിത്തലയെ അടക്കം ആദ്യം തടഞ്ഞു. ചര്‍ച്ചകള്‍ക്കുശേഷം സെക്രട്ടേറിയറ്റിലേക്ക് കടത്തിവിട്ടു. തിരിച്ചെത്തിയ അദ്ദേഹം എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടു. പിന്നാലെ ഗവര്‍ണറെ സന്ദര്‍ശിച്ച അദ്ദേഹം പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിച്ചു. ജലീലിനെ രക്ഷിക്കാന്‍ ഫയലുകള്‍ കത്തിച്ചെന്ന് ബിജെപി ആരോപിച്ചു.
പിന്നാലെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി എ.കൗശികന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണവും, എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നടത്തും.