കൊല്ലം : ഓച്ചിറയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. വാസന്‍ കയര്‍ ഫാക്ടറിയിലാണ് തീ പിടുത്തമുണ്ടായത്. കയര്‍ കയറ്റാനെത്തിയ വാഹനവും കത്തി നശിച്ചു. അരക്കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലുംമൂട്ടില്‍ രാജന്‍ എന്നയാളുടെ ഉടമസ്ഥതയിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
ഇന്നലെ രാത്രി പതിനൊന്നെ മുക്കാലോടെയാണ് സംഭവം. ഒന്നര മണിക്കൂര്‍ നേരം പരിശ്രമിച്ചാണ് തീയണച്ചത്. സംഭവത്തില്‍ ആളപായമില്ല. കായംകുളം, ഓച്ചിറ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്സ് പോലീസിന്റേയും നാട്ടുകാരുടേയും സഹായത്തോടെയാണ് രാത്രി ഏതാണ്ട് രണ്ട് മണിയോടെ തീ നിയന്ത്രണ വിധേയമാക്കിയത്.
അതേസമയം തീ പിടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. കയര്‍ ഫാക്ടറി ആയതിനാല്‍ വളരെ വേഗത്തില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതല്ല മറ്റെന്തെങ്കിലും തരത്തിലുള്ള അട്ടിമറി ശ്രമങ്ങളാണോ എന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്. ഫോറന്‍സിക് സംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും.