തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ അന്വേഷണം തുടരുന്നു. എ.കൗശികന്റെ നേതൃത്വത്തിലുള്ള വകുപ്പുതല അന്വഷണ സംഘം ഫയല്‍ പരിശോധന ആരംഭിച്ചു. ഏതെല്ലാം ഫയലുകള്‍ നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് അറിയാനാണ് പരിശോധന.
സുപ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്നാണ് പ്രോട്ടോകോള്‍ ഓഫീസ് അധികൃതരുടെ വിലയിരുത്തല്‍. പ്രോട്ടോക്കോള്‍ ഓഫീസിലെ ആകെ ഫയലുകള്‍, പേപ്പര്‍ ഫയലുകള്‍, ഇ-ഫയലുകള്‍ എത്ര, തുടങ്ങിയവയാണ് പ്രാഥമികമായി അന്വേഷണസംഘം കണക്കെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി പ്രോട്ടോകോള്‍ ഓഫീസില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു. നേരത്തെ പ്രോട്ടോകോള്‍ ഓഫീസില്‍ സിസിടിവി ക്യാമറ ഇല്ലായിരുന്നു. സിസിടിവി സ്ഥാപിക്കണമെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചിരുന്നു. രണ്ട് സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം തീപിടുത്തമുണ്ടായ ദിവസം പ്രോട്ടോക്കോള്‍ ഓഫീസില്‍ ഏതെങ്കിലും ഉദ്യോഗസ്ഥരെത്തിയോ എന്നതിലും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയെന്നാണ് വിദഗ്‌ധ സംഘത്തിന്റെ പ്രാഥമിക നിഗമനം. ദുരന്തനിവാരണ കമ്മീഷണര്‍ എ.കൗശിഗന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ സ്ഥലം നേരത്തെ പരിശോധിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘവും സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നു. ഫാനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിനു ഇടയാക്കിയതെന്നാണ് നിഗമനം.