തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്‍റ് ആഗസ്റ്റ് 5 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 25 മുതല്‍ തുടങ്ങും. സംസ്ഥാനത്ത് ഇതുവരെ 21 സ്‌കൂളുകള്‍ പുതുതായി മിക്‌സഡ് ആക്കി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കില്ല. വിഷയത്തില്‍ ആവശ്യമെങ്കില്‍ പുനപരിശോധന നടത്തുമെന്നും മന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് വന്നെങ്കിലും വെബ്സൈറ്റിലെ തകരാർ മൂലം വിദ്യാർഥികൾക്ക് ഫലമറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് മന്ത്രി തന്നെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ അപ്പോഴേക്കും കുട്ടികളുടെ ഒരു ദിവസം നഷ്ടമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ അലോട്ട്മെന്റ് പരിശോധിക്കാനോ ഓപ്ഷനുകളിലുൾപ്പെടെ മാറ്റം വരുത്താനോ കഴിയില്ലെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. ഇതോടെ സമയം നീട്ടി നൽകുകയായിരുന്നു.