പത്തനംതിട്ട : കോവിഡിനെ പ്രതിരോധിക്കുന്നതിന് സെപ്റ്റംബര്‍ 30 ന് അകം എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്ത് പ്രഖ്യാപനം വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇതു വരെ 18 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 75 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാന്‍ സാധിച്ചു.
കോവിഡ് കാലത്ത് ജീവനും അതോടൊപ്പം തന്നെ ജീവനോപാധിയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കോവിഡ് പോസിറ്റീവായി ഹോം ക്വാറന്റൈനില്‍ കഴിയുന്നവരില്‍ ജീവിത ശൈലീ രോഗങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനു കാരണം ഡെല്‍റ്റാ വേരിയന്റ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. എല്ലാവരും സ്വയം പ്രതിരോധം സ്വീകരിക്കുകയാണ് പകര്‍ച്ച വ്യാധിയെ തടയാനുള്ള പ്രധാന മാര്‍ഗമെന്നും മന്ത്രി പറഞ്ഞു.