തിരുവനന്തപുരം : ഭിന്നശേഷി പ്രതിഭകളെ തേടി കാശ്മീർ മുതൽ ലക്ഷദ്വീപ് വരെ ഒരു ഭിന്നശേഷിക്കാരൻ ഇന്ത്യയിൽ ആദ്യമായി നടത്തുന്ന ഭാരത യാത്ര. ഹെലൻ കെല്ലർ അവാർഡ് ജേതാവ് കെ. കെ ഉമർ ഫാറൂഖ് യാത്ര നയിക്കും. ഭിന്നശേഷി മേഖലയിലുള്ള പ്രതിഭകളെ കണ്ടെത്തുക, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, ഭിന്നശേഷി വിദ്യാർത്ഥികളുമായും അവരുടെ കുടുംബങ്ങളമായും സംവദിക്കുക, അവർക്ക് പ്രചോദനം നൽകുക, അവരെ വിദ്യാഭ്യാസ – സാമൂഹിക – സാംസ്കാരിക -ആരോഗ്യ മേഖലകളിൽ മുന്നേറ്റം നേടാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക, ഭിന്നശേഷി മേഖലയിലെ ആനുകൂല്ല്യങ്ങൾ, അവകാശങ്ങൾ, റിസർവേഷൻ, തൊഴിൽ അവസരങ്ങൾ എന്നിവ ബോധ്യപ്പെടുത്തുക, ഭിന്നശേഷിക്കാരും പൊതു സമൂഹവും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുക, ഭിന്നശേഷിക്കാർക്കായി സന്നദ്ധ സംഘടനകളുടെ സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
യാത്രക്ക് ശേഷം ഇന്ത്യൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇന്ത്യയിലെ ഭിന്നശേഷിക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവരെ കൈ പിടിച്ചുയർത്താൻ വേണ്ടി ഉള്ള പരിഹാരങ്ങളും അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കും. യാത്രയുടെ ഔദ്യോഗിക ലോഗോ പ്രകാശനം കേരള നിയമസഭാ സ്പീക്കർ എ എം ഷംസീർ നിർവഹിച്ചു. ഹെലൻ കെല്ലർ അവാർഡ് ജേതാവും യാത്ര നയിക്കുന്നതുമായ കെ കെ ഉമർ ഫാറൂഖ്, നെടിയത്ത് ഗ്രൂപ്പ് ചെയര്‍മാനും യാത്രയുടെ രക്ഷാധികാരി നെടിയത്ത് നസീം, യാത്രയുടെ കോർഡിനേറ്റർ മുഹമ്മദ് സിയാദ്, നിഫാ സംസ്ഥാന പ്രസിഡന്റും ദേശിയ സംസ്ഥാന അവാർഡ് ജേതാവുമായ ഷിജിൻ വര്‍ഗീസ് എന്നിവർ പങ്കെടുത്തു.