കോന്നി: ഫിഷറീസ് വകുപ്പിന്റെ ഓപ്പൺവാട്ടർ റാൻ്റിംങ്ങ് പദ്ധതിയുടെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തിൽ കക്കാട്ടാറിലും അച്ചൻകോവിൽ ആറിലും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നിയോജക മണ്ഡലം തല ഉദ്ഘാടനം കക്കാട്ടാറ്റിൽ കൊച്ചാണ്ടി കടവിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവ്വഹിച്ചു.
മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനും മത്സ്യത്തൊഴിലാളികളുടെ വരുമാനം ഉയർത്താനും വേണ്ടി ഫിഷറീസ് വകുപ്പ് ഓപ്പൺ വാട്ടർ റാറ്റിംഗ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഭാഗമായാണ് കോന്നി നിയോജക മണ്ഡലത്തിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
അച്ചൻകോവിൽ ആറ്റിൽ 2 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളും കക്കാട്ടാറ്റിൽ 2 ലക്ഷം മൽസ്യക്കുഞ്ഞുങ്ങളും ഉൾപ്പടെ 4 ലക്ഷം കാർപ്പ് ഇനത്തിൽ പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് എം.എൽ.എയുടെ നേതൃത്വത്തിൽ നിക്ഷേപിച്ചത്.
നിയോജക മണ്ഡലം തല ഉദ്ഘാനത്തിൽ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി.ടി.ഈശോ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചാ. വൈസ് പ്രസിഡന്റ് പി.എസ്.സുജ, പി.ആർ.പ്രമോദ്, ശ്രീലജ അനിൽ , രാധാ ശശി, കെ.കെ.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോന്നി മുരിങ്ങമംഗലം കടവിൽ ജില്ലാ പഞ്ചായത്തംഗം വി.ടി.അജോമോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ.വി.നായർ, കർഷക പ്രതിനിധി പി.എസ്.ജോൺ തുടങ്ങിയവർ പങ്കെടുത്തു. രണ്ട് കേന്ദ്രങ്ങളിലും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ പി.എൽ.സുഭാഷ്, ആർ.സുരേഷ് കുമാർ, പി.കവിത തുടങ്ങിയവർ നേതൃത്വം നല്കി. പദ്ധതിയുടെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തിൽ മത്സ്യകൃഷി വ്യാപകമാക്കുമെന്ന് എം.എൽ.എ പറഞ്ഞു. എല്ലാ കുളങ്ങളിലും മത്സ്യകൃഷി ആരംഭിക്കും. ഇതു സംബന്ധിച്ച് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരുമെന്നും എം.എൽ.എ പറഞ്ഞു.