തിരുവല്ല : തിരുവല്ല മുനിസിപ്പാലിറ്റി മണിമലപ്പുഴയില്‍ കണ്ണാലില്‍കടവ്, കട്ടളപ്പാറകടവ്, മണിപ്പുഴതോട്, കറ്റോട് പാലം എന്നിവിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ചൂണ്ടകളും മറ്റും പിടിച്ചെടുത്തു. ജില്ലയുടെ പലഭാഗങ്ങളിലും അനധികൃത രീതികളില്‍ മത്സ്യബന്ധനം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പത്തനംതിട്ട മത്സ്യഭവന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിംഗ് നടത്തി വരവേയാണ് പലയിടത്തും അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍പ്പെട്ടത്. താക്കീത് നല്‍കിവിടുകയും ആളില്ലാതിരുന്ന സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ചൂണ്ടകള്‍ എടുക്കുകയും ചെയ്തു.
2010 ലെ കേരള ഉള്‍നാടന്‍ മത്സ്യബന്ധനവും ജലകൃഷിയും നിയമപ്രകാരമുള്ള ലൈസന്‍സ് അടിസ്ഥാനത്തില്‍ അല്ലാതെ പൊതുജലാശയങ്ങളില്‍ നിന്നും മത്സ്യബന്ധനം നടത്താന്‍ പാടുള്ളതല്ല. തോട്ട പൊട്ടിച്ചോ, വൈദ്യുതി, രാസവസ്തു, വിഷവസ്തു തുടങ്ങിയവ ഉപയോഗിച്ചോ 20 മില്ലിമീറ്ററില്‍ കുറഞ്ഞ കണ്ണിവലിപ്പമുള്ള വല ഉപയോഗിച്ചോ, രാത്രികാലങ്ങളില്‍ നൂറ് വാട്‌സില്‍ കൂടുതല്‍ ശക്തിയുള്ള വിളക്കുകള്‍ ഉപയോഗിച്ചോ നടത്തുന്ന മത്സ്യബന്ധന രീതികള്‍ ഈ നിയമ പ്രകാരം നിരോധിച്ചിട്ടുള്ളതാണ്. നിയമംലംഘിക്കുന്നവര്‍ക്ക് ആറുമാസം വരെയുള്ള തടവോ, പതിനായിരംരൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്നതാണെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.