കൊല്ലം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. നീണ്ടകര, ശക്തികുളങ്ങര, കൊല്ലം പോര്‍ട്ട്, അഴീക്കല്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചും മറ്റ് പൊതുസ്ഥലങ്ങളിലും നടക്കുന്ന മത്സ്യലേലം പൂര്‍ണമായി നിരോധിച്ചു . ജില്ലക്ക് പുറത്തുനിന്നും വാഹനങ്ങള്‍ വന്ന് മത്സ്യം വില്‍പ്പനക്കായി കൊണ്ടുവരുന്നതും കൊണ്ടു പോകുന്നതും നിരോധിച്ചു. ജില്ലയ്ക്ക് പുറത്തേക്ക് ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ മത്സ്യം കൊണ്ടുപോകാന്‍ അനുവദിക്കുന്നതല്ല. ജില്ലക്ക് പുറത്ത് നിന്നും മത്സ്യം വില്‍പ്പനക്കായി വിപണന കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരുന്നതും അനുവദനീയമല്ല.
കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകള്‍ തിരിച്ചുവരുന്ന മുറയ്ക്ക് ഒരേ സമയം അഞ്ചില്‍ കവിയാത്ത ബോട്ടുകളുടെ മത്സ്യം നിശ്ചിത വിലയ്ക്ക് വില്‍പ്പന നടത്തുന്നതിന് പോലീസ് സഹായത്തോടെ നടപടികള്‍ സ്വീകരിക്കും. മത്സ്യഫെഡ് ജില്ലാ മാനേജര്‍, ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ്, ഹാര്‍ബര്‍എഞ്ചിനീയറിങ് വകുപ്പ് അധികൃതര്‍, പോര്‍ട്ട് ഓഫീസര്‍ എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി. മത്സ്യവിപണം നടക്കുമ്പോള്‍ ഒരു പോയിന്റില്‍ യാതൊരു കാരണവശാലും പത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവാന്‍ പാടില്ല.