കോഴിക്കോട് : മീനിന് വില കുറഞ്ഞു എന്നറിഞ്ഞതോടെ മാർക്കറ്റുകളിലേക്ക് ജനമൊഴുകി. ആളു കൂടിയതോടെ മീനിന് വിലയും കൂടി. കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ മീൻ വാങ്ങാനെത്തിയത് റെക്കോഡ് ജനം. കുറഞ്ഞ വിലക്ക് ആവോലിയും അയക്കൂറയും വാങ്ങാമെന്ന് കരുതി വന്നവർ പക്ഷേ നിരാശരായി മടങ്ങി. ഇടത്തരം ആവോലിക്കും അയക്കൂറക്കും കിലോ വില അഞ്ഞൂറാക്കി ഉയർത്തി.
കഴിഞ്ഞ ദിവസങ്ങളിൽ ഇത് 200നും പരമാവധി 250നുമായിരുന്നു വിറ്റത്. തീരെ ചെറിയ അയക്കൂറക്കുട്ടികൾ നൂറിനും എൺപതിനും വരെ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നു. വില കുറഞ്ഞ വാർത്ത പരന്നതോടെ മാർക്കറ്റുകളിൽ ആളു കൂടി. ഡിമാൻഡ് കൂടിയപ്പോൾ വിലയും കൂടി.
അതേ സമയം ഒരാഴ്ചയായി മൊത്തവിലയിൽ ഈ മീനുകൾക്കൊന്നും വില കൂടിയിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മീൻ വരവിനും കുറവില്ല. ചില്ലറ വിൽപനക്കാരാണ് മീനിന് പൊള്ളുന്ന വില തീരുമാനിക്കുന്നത്. പ്രാദേശിക ബോട്ടുകാരും വല നിറയെ മീനുമായാണ് കടലിൽനിന്ന് വരുന്നത്. ചെറുകിട മീനുകൾ സുലഭമാണ്. ചില്ലറക്കച്ചവടക്കാർ പക്ഷേ വില കുറക്കാൻ തയാറാവുന്നില്ലെന്ന പരാതിയുണ്ട്.