കോഴിക്കോട് : കേരളത്തില്‍ വ്യാപകമാകുന്ന ചെറുമല്‍സ്യങ്ങളുടെ മല്‍സ്യബന്ധനവും വിപണനവും തടയുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മല്‍സ്യതൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാള്‍സ് ജോര്‍ജ്. 2012-ല്‍ കേരളത്തില്‍ 3.99 ലക്ഷം ടണ്‍ ചാള പിടിച്ചിടത്ത് 2021 ആയപ്പോഴേക്കും ഉല്പാദനം 3670 ടണ്ണായി ഇടിഞ്ഞിരിക്കുകയാണ്.
മത്തിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന 1.25 ലക്ഷം സജീവ മല്‍സ്യലാളികളുടെ തൊഴിലിനേയും വരുമാനത്തേയുമാണ് ഇത് പ്രതികൂലമായി ബാധിച്ചത്. ഇവര്‍ക്കായി ഒരു മല്‍സ് വരള്‍ച്ചാ പാക്കേജ് അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഇനിയും അംഗീകരിച്ചില്ല. പത്തുവര്‍ഷത്തിനുശേഷം കേരളതീരത്ത് ഈ വര്‍ഷം ചാളയും അയിലയും ധാരാളം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിന്റെ തെക്കു മുതല്‍ വടക്കുവരെ നല്ല രീതിയില്‍ ചാളയും അയിലയും കണ്ടു തുടങ്ങി. പക്ഷേ അത് വളര്‍ച്ചയെത്തിയവയല്ല. വളര്‍ച്ചയെത്താത്ത ഇത്തരം മല്‍സ്യങ്ങളെ പിടിക്കരുതെന്ന് കഴിഞ്ഞ അഞ്ചിന് കൊച്ചി സി.എം.എഫ്.ആര്‍.ഐയില്‍ ചേര്‍ന്ന ഗവേഷകരുടേയും തൊഴിലാളികളുടേയും യോഗം തീരുമാനമെടുത്തിരുന്നു. യോഗത്തിന്റെ തുടര്‍ച്ചയായി മറ്റു ജില്ലകളിലും യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും ബോധവല്‍ക്കരണം നടക്കുകയുമാണ്.
ചെറുമീന്‍ പിടുത്തം വ്യാപകമാവുകയും മാര്‍ക്കറ്റുകളില്‍ ഈ മല്‍സ്യങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്. എറണാകുളം ജില്ലയിലും തൃശൂരിലെ അഴീക്കോഴും ഇന്നലെ ചെറുമീന്‍ പിടിച്ചു വില്‍ക്കുകയുണ്ടായി. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ അവ 10 സെന്‍റീമീറ്ററിനു മുകളിലുള്ള മത്തിയാണെന്നു കണ്ടതിനെത്തുടര്‍ന്ന് വില്ക്കാനനുവദിക്കുകയായിരുന്നു. സി.എം.എഫ്.ആര്‍.ഐ. ചാളയുടെ കുറഞ്ഞ വലുപ്പമായി(എം.എല്‍.എസ്) നിശ്ചയിച്ചത് 10 സെന്‍റീമീറ്ററും അയില 14 സെന്‍റീമീറ്ററുമാണ്.
ചാളയുടേയും അയിലയുടേയും എം.എല്‍.എസ്. പുതുക്കി നിശ്ചയിക്കപ്പെടേണ്ടതുണ്ട്. ഇതിനേക്കാള്‍ കുറഞ്ഞ വലുപ്പമുള്ള ചെറുമീനുകള്‍ വിപണിയില്‍ സുലഭമാണ്. ഇവ വില്‍ക്കുന്നത് തടയുന്ന രൂപത്തില്‍ നമ്മുടെ ചട്ടങ്ങള്‍ നിജപ്പെടുത്തേണ്ടതുണ്ട്. ട്രോള്‍ ബോട്ടുകള്‍ കൂടി രംഗത്തിറങ്ങുന്നതോടെ ചിത്രം മാറുകയാണ്. ചെറുമീനുകളെ പിടിക്കുന്നതിനായി പല ബോട്ടുകളിലും പെലാജിക് ട്രോളിംഗ് നടത്തുന്നതിനുവേണ്ടി വല സെറ്റു ചെയ്തുകൊണ്ടിരിക്കുകയുമാണ്. മറ്റു സംസ്ഥാനങ്ങളിലെ മല്‍സ്യ കോഴിത്തീറ്റ ഫാക്ടറികളിലേക്കാണ് ഇവ കയറ്റി അയക്കപ്പെടുക.ഗൗരവമേറിയ ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം.
സംസ്ഥാന ഫിഷറി മാനേജ്മെന്‍റ് കൗണ്‍സില്‍ സര്‍ക്കാര്‍ അടിയന്തിരമായി വിളിച്ചു ചേര്‍ക്കണം. അതോടൊപ്പം മല്‍സ്യത്തൊഴിലാളി സംഘടനകളുടേയും യോഗം വിളിച്ചുചേര്‍ക്കണം. ചെറു മീനുകള്‍ വില്‍ക്കുന്നത് കര്‍ശനമായും തടയുന്ന രൂപത്തില്‍ ചട്ടങ്ങളുണ്ടാക്കുകയും ചെയ്യണം. മല്‍സ്യത്തൊഴിലാളികള്‍ ചെറുമീനുകളെ പിടിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും മല്‍സ്യതൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടു.