അമ്പലപ്പുഴ : ചാകര കടപ്പുറത്ത് ചുഴലി വീശി. ഷെഡ് തകര്‍ന്ന് ഒരു മത്സ്യത്തൊഴിലാളിയുടെ കൈ ഒടിഞ്ഞു. ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാടക്കല്‍ ആഞ്ഞിലി പറമ്പ് ബോണി സെബാസ്റ്റ്യന്റെ (31) കൈയാണ് ഒടിഞ്ഞത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ കരൂര്‍ അയ്യന്‍ കോയിക്കല്‍ കടപ്പുറത്തായിരുന്നു ചുഴലി ആഞ്ഞടിച്ചത്. കടപ്പുറത്ത് ഉണ്ടായിരുന്ന താല്‍ക്കാലിക ഷെഡ് കാറ്റില്‍ തകര്‍ന്ന് ഇതിന്റെ തടി കൈയില്‍ വീണാണ് ബോണി സെബാസ്റ്റ്യന്റെ കൈ ഒടിഞ്ഞത്.
വാടക്കല്‍ സ്വദേശി ജാക്സന്റെ ഉടമസ്ഥതയിലുള്ള സിയോണ്‍ എന്ന വള്ളത്തിലെ തൊഴിലാളിയാണ് ബോണി. ഈ വള്ളത്തിന്റെ തൊട്ടരികിലുണ്ടായിരുന്ന പുന്നപ്ര സ്വദേശി അഖിലാന്ദന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിന്റെ പടികള്‍ക്കും എന്‍ജിനും കേടുപാടുകള്‍ സംഭവിച്ചു. സെബാസ്റ്റ്യനോസ് എന്ന വള്ളത്തിന്റെ കാമറക്കും കേടുപാട് സംഭവിച്ചു. ഏകദേശം പതിനായിരം രൂപ നഷ്ടം സംഭവിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. 18 ഓളം തൊഴിലാളികളാണ് ഈ വള്ളത്തില്‍ ജോലിക്ക് പോകുന്നത്.
അപകടത്തില്‍ പരിക്കേറ്റ കാഞ്ഞിരംചിറ വാര്‍ഡില്‍ ചാലിങ്കല്‍ വീട്ടില്‍ ജേക്കബിന്റെ മകന്‍ തോമസ് (47), പുന്നപ്ര ആലുംചേരി വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ സനിമോന്‍ (47), ആലിശ്ശേരി പുതുവല്‍ ആനന്ദന്റെ മകന്‍ ഗിരീഷ് (53), ആലപ്പുഴ സിവ്യു വാര്‍ഡ് കാട്ടുങ്കല്‍ വീട്ടില്‍ ബോണി ഫ്രാന്‍സിസിന്റെ മകന്‍ ഫ്രാന്‍സിസ് (63), കാഞ്ഞിരം ചിറ പുന്നക്കല്‍ വീട്ടില്‍ പത്രോസിന്റെ മകന്‍ ആന്റപ്പന്‍ (62), കാഞ്ഞിരച്ചിറ വെളിയില്‍ വീട്ടില്‍ ആന്‍റണിയുടെ മകന്‍ വില്‍സണ്‍ (55) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.