ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങൾ തുടരുന്നു. വ്യാഴാഴ്ച അഞ്ച് എയർ ഇന്ത്യ വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. എന്നാൽ അഞ്ച് വിമാനങ്ങളും യാത്ര പൂർത്തിയാക്കി സുരക്ഷിതമായി ലാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. മുംബൈ-ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന് ലാൻഡ് ചെയ്യാൻ ഒരു മണിക്കൂർ ശേഷിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് അടിയന്തര സാഹചര്യം പ്രഖ്യാപിച്ച് യാത്ര പൂർത്തിയാക്കുകയായിരുന്നു. നാല് ദിവസത്തിനിടെ 20ഓളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.
ഏതാനും വിമാനങ്ങൾ അടിയന്തര ലാൻഡിങ് നടത്തി പരിശോധന നടത്തിയെങ്കിലും ഭീഷണികൾ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഭീഷണികൾ പതിവായ സാഹചര്യത്തില്‍ വ്യോമയാന– ആഭ്യന്തര മന്ത്രാലയ ഉന്നതര്‍ യോഗം ചേര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബ് ഭീഷണികളുടെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) റിപ്പോർട്ട് തയ്യാറാക്കും.