ഇരവിപേരൂർ : ഓതറ മതിയൻചിറ പ്ലാവന പൊയ്കയിൽ അഞ്ച് കുടുംബങ്ങൾക്ക് പട്ടയം കിട്ടുന്നില്ലെന്ന് ആക്ഷേപം. ഇവിടെ പാറപ്പുറത്തെ പുറമ്പോക്കിൽ കഴിയുന്ന കുടുംബങ്ങൾക്കാണ് പട്ടയം കിട്ടാനുള്ളത്. ഇവർ 60 വർഷത്തിന് മുകളിലായി ഇവിടെ കഴിയുന്നു. ഇത്രയും കാലത്തിനിടെ പലതവണ ഇതിനായി റവന്യൂ അധികാരികളെ സമീപിച്ചിട്ടും നടപടികൾ ഇഴയുന്നു. സർക്കാരിന്റെ ആനൂകുല്യങ്ങൾ അടക്കമുള്ളവ ലഭിക്കാൻ ഇതിനാൽ ബുദ്ധിമുട്ട് നേരിടുന്നു. പട്ടികജാതി വിഭാഗത്തിലുള്ള കുടുംബങ്ങളാണിത്.
2016-ൽ റവന്യൂവകുപ്പിനെ സമീപിച്ച് ഇതിനായി നിവേദനം നൽകിയതിനെത്തുടർന്ന് വില്ലേജ് ഓഫീസർ ഇവിടം അളന്ന് തിട്ടപ്പെടുത്തി പോയിരുന്നു.
തുടർന്ന് സർക്കാർതലത്തിൽ തീരുമാനമുണ്ടായാലേ പട്ടയ കാര്യത്തിൽ നടപടി സ്വീകരിക്കാൻ കഴിയൂവെന്ന് റവന്യൂ അധികൃതർ അറിയിച്ചു. ഇതിൻപ്രകാരം മുൻ റവന്യൂമന്ത്രി ചന്ദ്രശേഖരനെ നേരിട്ടുകണ്ട് നിവേദനം നൽകിയിരുന്നു. ഇത്തവണ റവന്യൂവകുപ്പ് മന്ത്രി കെ. രാജനെയും കണ്ട് ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ഇവർ.
തോട്ടപ്പുഴയിൽ കഴിയുന്ന അറുപത് കുടുംബങ്ങളിൽ 12 പേർക്ക് പട്ടയം ലഭിച്ചിട്ടില്ല. എം.എൻ. സ്മാരകപദ്ധതിയിൽ നിർമിച്ച വീടുകളാണിവ.