ന്യൂഡൽഹി: പാക് ഭീകരത ലോകത്തിനു മുമ്പിൽ വിശദീകരിച്ച അഞ്ച് സംഘങ്ങൾ ഇന്ത്യയിൽ മടങ്ങിയെത്തി. രാജ്യത്ത് തിരിച്ചെത്തിയ എം പിമാർ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. അതിർത്തി കടന്നുള്ള പാക്കിസ്താൻ ഭീകരവാദത്തെ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടാനായി എന്നാണ് മടങ്ങിയെത്തിയ ശേഷം വിവിധ സംഘങ്ങൾ വിശദീകരിക്കുന്നത്. ഏഴ് പ്രതിനിധി സംഘങ്ങളിൽ ലോക്സഭാംഗങ്ങളും നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ 59 പേരാണ് 33 രാജ്യങ്ങൾ സന്ദർശിച്ചത്. ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിൽ ഏഷ്യ ആഫ്രിക്ക യൂറോപ്യൻ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചു. നിലവിൽ അമേരിക്കയിൽ പര്യടനം തുടരുന്ന ശശി തരൂർ നയിക്കുന്ന സംഘം ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും.
ബെൽജിയത്തിലെ സന്ദർശത്തിനുശേഷം ബിജെപി എംപി രവിശങ്കർ പ്രസാദ് നേതൃത്വം നൽകുന്ന സംഘം ഇന്ന് മടങ്ങിയെത്തും. ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ ഭീകരതയെ ചെറുക്കുന്നതിൽ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കുന്നതിനായി മെയ് 23 മുതൽ അവർ നിരവധി രാജ്യങ്ങളിലേക്ക് തിരിച്ചു.ബിജെപി-യെ പ്രതിനിധീകരിച്ച് ബൈജയന്ത് പാണ്ഡ, രവിശങ്കർ പ്രസാദ്, സഞ്ജയ് കുമാർ ഝാ (ജെഡിയു), ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെ (ശിവസേന), ശശി തരൂർ (കോൺഗ്രസ്), കനിമൊഴി കരുണാനിധി (ഡിഎംകെ), സുപ്രിയ സുലെ (എൻസിപി-എസ്പി) എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.32 രാജ്യങ്ങളും ബെൽജിയത്തിലെ ബ്രസ്സൽസിലുള്ള യൂറോപ്യൻ യൂണിയൻ ആസ്ഥാനവും അവർ സന്ദർശിച്ചു.