ഗാസ : ഗാസയില്‍ ഇസ്രയേല്‍ ആക്രമണം 4 മാസം പിന്നിടുമ്പോള്‍ തെക്കന്‍നഗരമായ ഖാന്‍ യൂനിസില്‍ രൂക്ഷയുദ്ധം. കഴിഞ്ഞ 24 മണിക്കൂറില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 107 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 7നുശേഷം ഇതുവരെ 27,585 പലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്. 226 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടു. ഹമാസ് ബന്ദികളാക്കിയവരില്‍ 31 പേര്‍ മരിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. 136 പേര്‍ നിലവില്‍ ബന്ദികളായുണ്ടെന്നും അറിയിച്ചു. പട്ടിണിയും പകര്‍ച്ചവ്യാധിയും മൂലം നരകിക്കുന്ന ഗാസയില്‍ 80% കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ജനങ്ങളിലേറെയും മുനമ്പിന്റെ തെക്കേയറ്റമായ റഫയിലെ കൂടാരങ്ങളിലാണ്.
താല്‍ക്കാലിക വെടിനിര്‍ത്തലിന് യുഎസ് മുന്‍കയ്യെടുത്തു തയാറാക്കിയ കരാറിനോടു ഹമാസ് അനുകൂലപ്രതികരണം അറിയിച്ചു. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വേണമെന്നും ആവശ്യപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദി സന്ദര്‍ശനത്തിനുശേഷം ഇന്നലെ ഈജിപ്തിലെത്തി. റിയാദില്‍ സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തിയശേഷം ഇന്നലെ രാവിലെയാണു കയ്‌റോയിലെത്തിയത്. തെക്കന്‍ ഗാസയിലെ പ്രമുഖ നഗരമായ ഖാന്‍ യൂനിസ് പിടിക്കാന്‍ ഇസ്രയേല്‍ നടത്തുന്ന രൂക്ഷ ആക്രമണം മൂന്നാം ആഴ്ചയിലേക്ക് കടന്നു. ഇന്നലെ പുലര്‍ച്ചെ വീടുകള്‍ക്കുനേരെയുണ്ടായ ബോംബാക്രമണത്തില്‍ 14 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.