ലഖ്നൗ: ഗർഭിണിയായ യുവതിയെ കൊന്ന് വയലിൽ തള്ളിയ സംഭവത്തിൽ കാമുകനടക്കം അഞ്ചുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിൽ ആണ് സംഭവം. മീററ്റ് സ്വദേശിനിയായ രാംബിരി(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍, കാമുകനായ ആദേശ്, ഇയാളുടെ സുഹൃത്തുക്കളായ ദീപക്, ആര്യൻ, സന്ദീപ്, രോഹിത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കാമുകനിൽ നിന്ന് ഗർഭം ധരിച്ചതോടെ എത്രയും വേഗം വിവാഹം നടത്തണമെന്ന് രാംബിരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിൽ പ്രകോപിതനായ കാമുകന്‍ സുഹൃത്തുക്കളോടൊപ്പം യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജൂലായ് മൂന്നാം തിയതിയാണ് ഗർഭിണിയായ രാംബിരിയുടെ മൃതദേഹം കൃഷിയിടത്തിൽ കണ്ടെത്തിയത്.
സംഭവം കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ പോലീസിന് വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ജൂലായ് രണ്ടാം തിയതിയാണ് പ്രതികൾ യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തശേഷം ജൂലായ് രണ്ടാം തിയതി ആദേശ് കാമുകിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇതനുസരിച്ച് വീട്ടിലെത്തിയ യുവതിയെ കാമുകനും കൂട്ടാളികളും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹം സമീപത്തെ വയലിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.