ന്യൂഡല്‍ഹി : തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയവര്‍ സഞ്ചരിച്ച അഞ്ചു തീവണ്ടികളിലെ യാത്രക്കാരെ കണ്ടെത്താന്‍ റെയില്‍വേ ശ്രമം തുടങ്ങി. മാര്‍ച്ച് 13 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുപോയ വണ്ടികളാണ് നിരീക്ഷണത്തിലുള്ളത്. കേരളത്തിലേക്കുള്ള വണ്ടികളൊന്നും ഇക്കൂട്ടത്തിലില്ല.
ഇപ്പോള്‍ വിവരം ശേഖരിക്കുന്ന ഓരോ തീവണ്ടിയിലും 1000 -1200 പേര്‍ സഞ്ചരിച്ചിട്ടുണ്ടെന്നാണു കണക്കുകൂട്ടല്‍. അങ്ങനെയാണെങ്കില്‍ വിവിധ സംസ്ഥാനങ്ങളിലായി അയ്യായിരത്തിലേറെപ്പേരെ നിരീക്ഷണത്തില്‍ വെക്കേണ്ടിവരുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.
ഡല്‍ഹി – ഗുണ്ടൂര്‍ തുരന്തോ എക്സ് പ്രസ്സില്‍ സഞ്ചരിച്ച രണ്ടു പേര്‍ക്കു പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 18-നു പുറപ്പെട്ട വണ്ടിയിലെ സ്ലീപ്പര്‍ കോച്ചിലായിരുന്നു ഇവര്‍. ഡല്‍ഹി-ചെന്നൈ ഗ്രാന്‍ഡ് ട്രങ്ക് എക്സ് പ്രസ്സില്‍ കുട്ടികള്‍ക്കൊപ്പം സഞ്ചരിച്ച രണ്ടു പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹി – ചെന്നൈ റൂട്ടിലോടുന്ന തമിഴ്നാട് എക്സ് പ്രസ്സ് , ന്യൂഡല്‍ഹി-റാഞ്ചി രാജധാനി എക്സ് പ്രസ്സ് , എ.പി. സമ്പര്‍ക്കക്രാന്തി എക്സ് പ്രസ്സ് എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റു വണ്ടികള്‍.
മാര്‍ച്ച് 16-നു പുറപ്പെട്ട രാജധാനിയിലെ തേഡ് എ.സി. കോച്ചില്‍ സഞ്ചരിച്ച മലേഷ്യന്‍ വനിതയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ കോച്ചില്‍ 60 യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം. എ.പി. സമ്പര്‍ക്കക്രാന്തി എക്സ് പ്രസ്സില്‍ സഞ്ചരിച്ച 10 ഇന്‍ഡൊനീഷ്യക്കാര്‍ തബ്ലീഗ് സമ്മേളനം കഴിഞ്ഞു മടങ്ങിയവരാണെന്നും കണ്ടെത്തി. ഇവരില്‍ പലര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ഈറോഡ് സ്വദേശികള്‍ക്ക് രോഗം ബാധിച്ചതായി സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈറോഡ് വഴി കടന്നുപോവുന്നതാണ് കേരള എക്സ് പ്രസ്സ് എങ്കിലും അതില്‍ നിരീക്ഷണം തുടങ്ങിയിട്ടില്ല. കേരളത്തിലെ മുന്നൂറിലേറെപ്പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി വിവരമുണ്ടെങ്കിലും ഇവര്‍ തീവണ്ടിയിലാണോ സഞ്ചരിച്ചതെന്നു വ്യക്തമായിട്ടില്ല.