കൊച്ചി : പത്താം ക്ലാസുകാരി അബദ്ധത്തില്‍ വിഴുങ്ങിപ്പോയ മൊട്ടുസൂചി 10 മണിക്കൂറുകള്‍ക്കുശേഷം ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍. വസ്ത്രത്തില്‍ കുത്താനായി കടിച്ചുപിടിച്ച മൊട്ടുസൂചിയാണ് പെണ്‍കുട്ടി വിഴുങ്ങിയത്. കാക്കനാട് സ്വദേശി ഷിഹാബിന്റെ മകള്‍ ഷബ്ന (15) യാണ് മണിക്കൂറുകള്‍ നീണ്ട കൊടുംവേദന അനുഭവിച്ചത്. ഞായറാഴ്ച ഷിഹാബും കുടുംബവും ഒരു ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. ഷബ്ന ധരിച്ചിരുന്ന മഫ്ത അഴിഞ്ഞു പോയപ്പോള്‍ അത് കുത്താന്‍ വേണ്ടി കടിച്ചുപിടിച്ച സൂചിയാണ് വിഴുങ്ങിപ്പോയത്. ഉടന്‍തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
എക്സ്റേ എടുത്ത് നോക്കിയപ്പോള്‍ മൊട്ടുസൂചി ഉള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇവിടെനിന്ന് രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും മൊട്ടുസൂചി പുറത്തെടുക്കാനായില്ല. അര്‍ധരാത്രിയോടെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയിലേക്കു മാറ്റി. എക്സ്റേയില്‍ ആമാശയത്തില്‍ ഭക്ഷണത്തിന്റെ ഇടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൊട്ടുസൂചി. ഇന്നലെ രാവിലെ എന്‍ഡോസ്കോപ്പി വഴിയാണ് മൊട്ടുസൂചി പുറത്തെടുത്തത്.