കൊച്ചി : ഫ്ലാറ്റ് ലീസിന് നല്‍കാമെന്ന് നിരവധി പേരെ വിശ്വസിപ്പിച്ച് കൊച്ചിയില്‍ ലക്ഷങ്ങളുടെ ഫ്ലാറ്റ് തട്ടിപ്പ്. നിരവധി പേരാണ് തട്ടിപ്പിനിരയായത്. പരാതിയുടെ അടിസ്ഥാനത്തിൽ കാക്കനാട് സ്വദേശികളായ ആശ, മിന്‍റോ മണി എന്നിവര്‍ക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു. മാസങ്ങളായി കൊച്ചിയില്‍ തുടരുന്ന ഫ്ലാറ്റ് തട്ടിപ്പിന്‍റെ പിന്നില്‍ ആശയും മിന്‍റോ ആന്‍റണിയുമാണെന്നാണ് പരാതി. പലരിൽ നിന്നായി 20 ലക്ഷത്തോളം രൂപ യുവതിയും കൂട്ടാളിയും തട്ടിയെടുത്തതായാണ് വിവരം.
കാക്കനാട് മാണിക്കുളങ്ങര റോഡിലുള്ള ഗ്ലോബല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്‍റ് ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. ഫ്ലാറ്റിലെ SF 16 നമ്പർ മുറി ലീസിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സവാദ് എന്ന യുവാവില്‍ നിന്ന് എട്ട് ലക്ഷം രൂപയാണ് പ്രതികൾ വാങ്ങിയത്. സവാദ് നേരത്തെ താമസിച്ച വീടൊഴിഞ്ഞ് പുതിയ ഫ്ലാറ്റിലേക്ക് എത്തിയപ്പോഴാണ് അതേ ഫ്ലാറ്റിനായി വീരേന്ദ്ര പ്രസാദും കുടുംബവും ആറര ലക്ഷം രൂപ നല്‍കി എന്ന വിവരമറിഞ്ഞത്. ഇതോടെ വന്‍ തട്ടിപ്പിന്‍റെ ചുരുളഴിയുകയായിരുന്നു.